റാന്നി: WME ദൈവസഭ യൂത്ത് ഫെലോഷിപ്പ് കേരള സ്റ്റേറ്റിന്റെ നേതൃത്വത്തിൽ ഒക്ടോബർ 10, 11, 12 തീയതികളിൽ അടൂർ മുതൽ കുമളി വരെ ലഹരി വിരുദ്ധ സന്ദേശയാത്ര നടത്തുന്നു. സമൂഹത്തിൽ ലഹരിയുടെ ഉപയോഗം വർദ്ധിച്ചുവരികയാണ്. നമ്മുടെ ചുറ്റുമുള്ള ആയിരക്കണക്കിന് ആളുകൾ പല രൂപത്തിൽ ഇന്ന് ലഭ്യമാകുന്ന ലഹരിവസ്തുക്കൾക്കമടിപ്പെട്ട് സുന്ദരമായ ജീവിതത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇതിനെതിരെ ശക്തമായ ബോധവൽക്കരണവും പ്രചരണവും ഇന്നിന്റെ ആവശ്യമാണ്. ഒക്ടോബർ 10ന് രാവിലെ 9 മണിക്ക് അടൂരിൽ നിന്നും WME ജനറൽ പ്രസിഡന്റ് റവ. ഡോ. ഒ.എം. രാജുക്കുട്ടി Zoom platform ൽക്കൂടെ പ്രാർത്ഥിച്ച് ആരംഭിക്കുന്ന യാത്ര പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ പ്രധാന സ്ഥലങ്ങളിലൂടെ കടന്ന് 12ന് വൈകിട്ട് 6 മണിക്ക് കുമളി അണക്കരയിൽ അവസാനിക്കും. യാത്ര കടന്നു പോകുമ്പോൾ അതാത് പ്രദേശങ്ങളിലെ ദൈവദാസന്മാരും വിശ്വാസികളും യുവജന പ്രവർത്തകരും യാത്രയോടൊപ്പം ചേർന്ന് ബോധവൽക്കരണ പ്രവർത്തനങ്ങളിൽ പങ്കാളികളാകും. ലഘുലേഖ വിതരണവും സ്കിറ്റ് അവതരണവും യാത്രയിൽ നടത്തുന്നതാണ്. യൂത്ത് ഫെലോഷിപ്പ് ഡയറക്ടർ ഡോ. എം.കെ. സുരേഷ്, സെക്രട്ടറി ഇവാ. ജേക്കബ് മാത്യു എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകും. ബോർഡ് അംഗങ്ങളും ഡിസ്ട്രിക്ട് ഓർഗനൈസർമാരും യാത്രയുടെ അംഗങ്ങളായിരിക്കും.







0 Comments