ബന്ധനത്തില്‍ നിന്നു മുക്തമാകുന്ന അനുഭവം മാത്രമല്ല സ്വതന്ത്ര്യം. അതുനല്‍കുന്നത് സമത്വം എന്ന അവകാശം കൂടിയാണ്. ഒരു രാജ്യത്ത് എല്ലാവരും അടിമത്വത്തില്‍ നിന്നും രക്ഷപെട്ടാലും അവിടെ പ്രജകള്‍ എല്ലാം സമത്വം അനുഭവിക്കുന്നില്ലെങ്കില്‍ അത് ഊരുവിലക്കിനു തുല്യമാണ്. ഇപ്പോള്‍ സമൂഹം നേരിടുന്ന വെല്ലുവിളി അമിത സ്വാതന്ത്ര്യമാണ്. എന്തിനും ഏതിനുമുള്ള സ്വാതന്ത്ര്യം. അതാണ് ഇന്ന് രാജ്യത്തിനകത്ത് സാമൂഹിക വ്യവസ്ഥിതികള്‍ നേരിടുന്ന വെല്ലുവിളി. സമത്വം എന്ന അവകാശത്തെ സ്വാതന്ത്ര്യം എന്ന പദം കൊണ്ട് മൂടിയിരിക്കുന്നു.
യാത്രാ സ്വാതന്ത്ര്യം, ആരാധനാ സ്വാതന്ത്ര്യം, ഇഷ്ടഭക്ഷണം കഴിക്കുവാനുള്ള സ്വാതന്ത്ര്യം, ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കുവാനുള്ള സ്വാതന്ത്ര്യം, തുടങ്ങി പലതും അടിച്ചേല്‍പ്പിക്കപ്പെടുന്നത് പൗരന്റെ സമത്വം എന്ന അവകാശത്തിന്റെ മേലുള്ള കടന്നു കയറ്റമാണ്.
സമത്വം നഷ്ടപ്പെടുന്നിടത്ത് സ്വാതന്ത്ര്യം അവകാശപ്പെടുവാന്‍ കഴിയില്ല. സ്വാതന്ത്ര്യം ഉള്ളതുകൊണ്ട് സമത്വം ഉണ്ടാവണമെന്നില്ല എന്നാല്‍ സമത്വം ഉണ്ടെങ്കില്‍ സ്വാതന്ത്ര്യം നിശ്ചയമായും ഉണ്ടാകും.
സ്വാതന്ത്ര്യത്തെ നിര്‍വ്വചിച്ചാല്‍ അത് വ്യക്തിപരമാണെന്ന് വേഗത്തില്‍ മനസിലാകും. എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം, എന്തും പറയാനുള്ള സ്വാതന്ത്ര്യം സ്വന്തം ആശയങ്ങള്‍ ഏതുവഴിയിലൂടെയും സ്ഥാപിച്ചെടുക്കാവാനുള്ള സ്വാതന്ത്ര്യം. ഇവിടെയാണ് സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യപ്പെടുന്നത്.
നമ്മുടെ രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളും വര്‍ഗ്ഗീയ ധ്രുവീകരണങ്ങളും എല്ലാം സ്വാതന്ത്ര്യം എന്നമഹത്തായ അവകാശം പ്രജകള്‍ എല്ലാവരും ഒരുപോലെ അനുഭവിയ്ക്കുന്നില്ല എന്നതിന്റെ തെളിവാണ്.
എല്ലാ ജനങ്ങളെയും ഒരുപോലെ ചേര്‍ത്ത് നിര്‍ത്തി സ്വാതന്ത്ര്യത്തിന്റ അവകാശം നിലനിര്‍ത്തി എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്ന് ഉറപ്പുനല്‍കാന്‍ ഭരണകര്‍ത്താക്കള്‍ക്ക് ആര്‍ജ്ജവം ഉണ്ടായിരിക്കണം. എങ്കില്‍ മാത്രമേ സ്വാതന്ത്ര്യവും ജനാധിപത്യം രാഷ്ട്രീയവും ആത്മീകതയും എല്ലാം ചേര്‍ന്ന് സുന്ദരമായ സ്വാതന്ത്ര്യമെന്ന പദത്തിനും ആഘോഷങ്ങള്‍ക്കും അര്‍ത്ഥമുണ്ടാകുകയുള്ളൂ. അതിനായി നമുക്ക് ഒരുമിയ്ക്കാം. സ്വാതന്ത്ര്യ ദിനആഘോഷത്തില്‍ രാജ്യത്തോടൊപ്പം. ആശംസകള്‍.






0 Comments