കുത്തിയൊഴുകി വന്ന വെള്ളവും പാറക്കെട്ടുകളും തന്റെ വീട് തകർത്തു കൊണ്ടിരിക്കുമ്പോൾ അവിടെനിന്ന് രക്ഷപ്പെട്ട അമ്മയുടെ വാക്കുകൾ ഇന്നിന്റെ ലോകത്തിന് വലിയ സന്ദേശമാണ്. രക്ഷപെട്ടു കാട്ടിലേക്ക് കയറിയ അമ്മയും കൊച്ചുമകളും ചെന്നു പെട്ടത് ഒരു കൊമ്പനാനയുടെ മുൻപിലാണ്. കൊമ്പനാനയുടെ മുൻപിൽ നിന്ന് ആ അമ്മ പറഞ്ഞ വാക്ക്...''ഞങ്ങൾ വലിയ ദുരന്തത്തിൽ നിന്ന് വരികയാണ് ഞങ്ങളെ ഒന്നും ചെയ്യരുത്. ''ആ അമ്മ കൊമ്പനെ നോക്കിയപ്പോൾ ആനയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നു. രാവിലെ രക്ഷാപ്രവർത്തകർ വരുന്നതുവരെ കൊമ്പനാനയുടെ കാലിന്റെ ചുവട്ടിൽ ആ അമ്മയ്ക്കും കൊച്ചുമകൾക്കും സുരക്ഷിതത്വം നൽകി.
ജനിപ്പിച്ച മാതാപിതാക്കളുടെ യാചനകളും നിസ്സഹായ അവസ്ഥയും കാണാതെ അവരെ വലിച്ചെറിയുന്ന, കൊല്ലുന്ന മക്കൾ, അവരെ വൃദ്ധസദനത്തിൽ ആക്കി ജീവിതം ആസ്വദിക്കുന്ന മക്കൾ. മക്കളോട് കാരുണ്യം കാണിക്കാതെ അനാഥമന്ദിരത്തിൽ ആക്കുകയും,നിഷ്കാസനം ചെയ്യുകയും ചെയ്യുന്ന മാതാപിതാക്കൾ. യാചിച്ചിട്ടും കാരുണ്യം കാണിക്കാത്ത സഹജീവികൾ.ഈ ആധുനികയുഗത്തിൽ നേട്ടങ്ങളുടെ സുഖലോലുപതയിൽ ജീവിച്ച്, മാനുഷിക ധാർമിക മൂല്യങ്ങൾക്ക് വില നൽകാതെ ജീവിക്കുന്ന ഇന്നിന്റെ തലമുറയ്ക്ക് . ഈ കൊമ്പനാന അമ്മയോട് കാണിച്ച സ്നേഹം,കരുതൽ,ഒരു പാഠമാകട്ടെ.
വലിച്ചെറിയേണ്ട തുമ്പിക്കൈ കൊണ്ട് സ്വാന്ത്വനം നൽകി, ചവിട്ടി അരയ്ക്കേണ്ട കാലുകളിൽ സുരക്ഷിതത്വം നൽകി, കണ്ണുനീർ കണ്ടു കണ്ണുനീർ തൂകി സങ്കടത്തിൽ പങ്കുചേർന്ന കൊമ്പനാന നമുക്കൊരു പുനർവിചിന്തനത്തിന് കാരണമാകട്ടെ. വിവേക ബുദ്ധിയുള്ള, ആത്മീയ ബോധ്യമുള്ള നാം നമ്മുടെ വേണ്ടപ്പെട്ടവരോടും, സമൂഹത്തോടും പുലർത്തുന്ന ധാർമിക മൂല്യങ്ങൾ എങ്ങനെയെന്നും വിചിന്തനം ചെയ്യേണ്ട സമയമായി. ദൈവിക ബോധ്യമോ വിവേക ബുദ്ധിയോ ഇല്ലാത്ത മൃഗങ്ങൾ കാണിക്കുന്ന സ്നേഹവും കരുതലും നന്ദിയും ആത്മീയർ,ജ്ഞാനികൾ എന്ന് അഭിമാനിക്കുന്ന ഓരോരുത്തർക്കും മനംതിരിവിനും ആത്മീയ തിരിച്ചു വരവിനും ഈ കൊമ്പനാനയുടെ പ്രവർത്തി ഉതകട്ടെ.






0 Comments