ബുദ്ധിയും ശക്തിയുമുള്ള മൃഗമാണ് നായ എന്ന വിശ്വാസത്തെ അരക്കിട്ടുറപ്പിച്ചുകൊണ്ട് ശക്തരിൽ ശക്തരെന്നവകാശപ്പെടുന്ന ഭരണകർത്താക്കളെപ്പോലും ബുദ്ധികൊണ്ടും ശക്തികൊണ്ടും കീഴടക്കി, കുരച്ചുകൊണ്ട് കേരളത്തെ കടിച്ചുകീറുകയാണ് തെരുവ് നായ്ക്കൾ. അഭിരാമിയുടെ കുടുബത്തിന്റെ കണ്ണീർ ഇനിയും തോർന്നിട്ടില്ല. നായ്ക്കളുടെ ആക്രമണം ഭയന്ന് സാധാരണക്കാർ തെരുവിലേക്കിറങ്ങാൻ ഭയക്കുന്നു.
സാധരണക്കാരൻ ഭയക്കുന്ന വിഷയങ്ങളെ അധികാരികൾ ഭയക്കുന്നില്ല എന്നതാണ് വാസ്തവം. പോലീസും എസ്‌കോർട്ടും ഉള്ളവർക്ക് തെരുവിൽ ഒരു നായയേയും ഭയക്കേണ്ട കാര്യമില്ല. എന്നാൽ സാധാരണക്കാരന്റെ അവസ്ഥ അതല്ല. രണ്ടു കാലുകൾ മാത്രമുള്ള സാധാരണക്കാരൻ നാലുകാലുള്ളവന്റെ മുമ്പിൽനിന്ന് എങ്ങിനെ ഓടി രക്ഷപെടാം എന്നാതായിരിക്കും അധികാരികൾ ദീർഘമായി ചർച്ച ചെയ്യുന്നത്.
ഇപ്പോഴും തുടരുന്ന ചർച്ചകൾ ഒരു ലോക മഹായുദ്ധത്തെക്കുറിച്ചല്ല മറിച്ച് സ്വന്തം സംസ്ഥാനത്തെ പട്ടികളെ എങ്ങിനെ നേരിടണം എന്നതാണ് വിഷയം. അടിയന്തിരമായി തീരുമാനമെടുക്കാൻ കഴിയാതെ ഇച്ഛാശക്തി നഷ്ടപ്പെട്ട് ചർച്ചയെന്നും കർമ്മ പദ്ധതിയെന്നും വന്ധ്യംകരണമെന്നും പറഞ്ഞ് ഓടിയൊളിക്കുകയാണ് അധികാരികൾ. മാസങ്ങൾ പലതുകഴിഞ്ഞു നിരവധി ജീവനുകൾ പൊലിഞ്ഞിട്ടും അടിയന്തിരമായി തീരുമാനടെമെടുക്കാൻ കഴിയാത്തത് ലജ്ജാകരം തന്നെ.
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾതൊട്ട് അങ്ങ് തലപ്പത്തിരിക്കുന്നവർവരെ പ്രസ്തുത വിഷയത്തിൽ കാണിക്കുന്ന അനാസ്ഥ വ്യക്തമാണ്.
ഏതെങ്കിലും ഒരു സ്ത്രീ എന്തെങ്കിലും ഒരു വിവാദ വിഷയം ഛർദ്ദിച്ചിരുന്നുവെങ്കിൽ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ കേരളം ഇളകി മറിയുമായിരുന്നു. ഇവിടെ പൊലിയുന്നത് സാധരണക്കാരന്റെ ജീവനാണ്. അതുകൊണ്ട് സമരമില്ല, ധർണയില്ല, വഴിതടയൽ ഇല്ല.
ഇപ്പോൾ അതെല്ലാം നായ്ക്കൾ ഏറ്റെടുത്തിരിക്കുന്നു. എന്നെങ്കിലും നമ്മുടെ രാഷ്ട്രീയ സംവിധാനങ്ങൾ ജനക്ഷേമത്തിനായി ഉണർന്നു പ്രവർത്തിക്കുമോ? അടിയന്തിരമായി ഇടപെടേണ്ട വിഷയങ്ങളിൽ നമ്മുടെ ഭരണ സംവിധാനങ്ങൾ കാലതാമസം വരുത്തുന്നതും ഒരുവനെ പട്ടികടിച്ചു വലിക്കുന്നത് കാണുമ്പോൾ സംഭവത്തെക്കുറച്ച് പഠിക്കാനും ചർച്ചചെയ്യാനും വിദഗ്ദസമതിയെ അന്വേഷിച്ച് ഇറങ്ങിപ്പുറപ്പെടുന്നതും നായയുടെ കടിയേറ്റു ചാകുന്നതിനേക്കാൾ ഭയാനകമാണ്.
പ്രജകളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുവാൻ ഉത്തരവാദിത്തപ്പെട്ടവർ ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ നിരുത്തരവാദിത്തവപരമായി പെരുമാറുന്നത് അവർ വഹിക്കുന്ന സ്ഥാനങ്ങൾക്ക് അപമാനമാണ്. ഭരണകർത്താക്കൾ ഇത്രത്തോളം നായയെ ഭയപ്പെടാൻ, തെരുവ് നായകൾക്കും രാഷ്ട്രീയ സ്വാധീനമുണ്ടോ എന്ന് സംശയിക്കേണ്ടിരിക്കുന്നു.
നായ്ക്കളെ കൊല്ലണം എന്നു പറയുന്നില്ല. എന്നാൽ സാധാരണക്കരെ പട്ടിയെക്കൊണ്ട് കടിപ്പിച്ച് കൊന്ന് സംസ്ഥാനത്തിന്റെ ബാധ്യതകൾ കുറയ്ക്കണം എന്ന് ചിന്തിക്കരുത്. അധികാരികളോട് ഒരിക്കൽക്കൂടി ഓർപ്പിക്കട്ട, ഓരോ ജീവനും വിലയേറിയതാണ് തെരഞ്ഞെടുപ്പിന്റെ സമയത്ത് മാത്ര മല്ല അതിനു ശേഷവും.
-ഷാജി വാഴൂർ




0 Comments