"കാണുന്ന കണ്ണുകളുള്ള ഉടയവൻ!"
![]() |
| പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ. |
ബഹുജാതികൾക്കു പിതാവായി ദൈവത്താൽ പേർവിളിക്കപ്പെട്ട എബ്രായനായ അബ്രാമിന്റെ മിസ്രയീമ്യ ദാസിയായിരുന്നു ഹാഗാർ. വാഗ്ദത്ത സന്തതിയായ യിസ്‌ഹാക്കിന്റെ ജനനം സംബന്ധിച്ച പ്രഖ്യാപനവും അതിന്റെ പൂർത്തീകരണത്തിനുമിടയിൽ ഉളവായ ഇടവേളയിലാണ് ഹാഗാർ അബ്രഹാമിന്റെ ചരിത്രത്തിൽ ഇടം പിടിച്ചത്. നാട്ടുനടപ്പനുസരിച്ചു ഹാഗാറിൽ അബ്രാമിനും സാറായിക്കും ഒരു പുതുജനനത്തിന്റെ വിളിച്ചോതൽ തിരിച്ചറിഞ്ഞപ്പോൾ ഭവനാന്തരീക്ഷം ഏറെ ഉഷാറായി! സാഫല്യമാകുവാൻ പോകുന്ന കുഞ്ഞിക്കാലിന്റെ ചലനങ്ങളും കുഞ്ഞിളം നാവിന്റെ കുസൃതികളും ഗർഭത്തിൽ അനുഭവിച്ചറിഞ്ഞ ഹാഗാറിനേക്കാൾ ചിത്തോത്സാഹം ഉണ്ടായതു വാർദ്ധക്യത്തിന്റെ ചുളിവുകൾ അടയാളം വീഴിച്ച സാറായ്ക്കു തന്നെ ആയിരുന്നു എന്നാണു ഞാൻ കരുതുന്നത്.
എങ്കിലും നിർഭാഗ്യവശാൽ അബ്രാമിന്റെ കൂടാരത്തിനകത്തു ഉരുത്തിരിഞ്ഞ ഉൾപ്പോര് മറനീക്കി പുറത്തു വരുവാൻ അധികം സമയം വേണ്ടിവന്നില്ല. ഒരുനാൾ പൂർണ്ണ ഗർഭവതിയായ ഹാഗാർ തന്റെ യജമാനന്റെ കൂടാരം വിട്ടിറങ്ങുവാൻ നിർബന്ധിതയായി. "എവിടേയ്ക്കു പോകുന്നു?" എന്ന ചോദ്യത്തിന് കൃത്യമായ ഒരു ലക്‌ഷ്യം ചൂണ്ടിക്കാണിക്കുവാൻ ഹാഗാർ ഏറെ ബുദ്ധിമുട്ടി! നിസ്സഹായതയുടെ മാറാപ്പുമേന്തി അപരിചിതങ്ങളായ പരിസരങ്ങളിലൂടെ വിറകാലുകളോടും ഭാരമേന്തുന്ന ഉദരത്തോടും അതിലുപരി നാളെയുടെ ചോദ്യങ്ങളുടെ ഭീതിപ്പെടുത്തൽ കലുഷിതമാക്കിയ ചിത്തത്തോടും കൂടെ എങ്ങോട്ടെന്നില്ലാത്ത ആ യാത്ര ഭാവനയ്ക്കും അപ്പുറത്തായി തോന്നുന്നില്ലേ!
യജമാന ഗൃഹത്തിന്റെ അകത്തളങ്ങൾ ഒരുക്കിവച്ചിരുന്ന സകല സുരക്ഷിത വലയങ്ങളും പൊട്ടിച്ചെറിഞ്ഞു ഹാഗാർ! ശൂർ മരുഭൂമിയിലൂടെ തന്റെ പൈതൃക നഗരമായ മിസ്രയീമിലേക്കു (ഈജിപ്ത്) ചേക്കേറുക എന്ന വിദൂര ലക്ഷ്യമല്ലാതെ മറ്റെന്തെങ്കിലും ഹാഗാറിനുണ്ടോ? ഇടിഞ്ഞുപോയ മനോധൈര്യവും യാത്രയുടെ ക്ഷീണവും ശൂരിലേക്കുള്ള ആ വഴിയിങ്കലെ ഒരു നീരുറവിന്നരികെ ഹാഗാറിന് താത്കാലിക വിശ്രമം തീർത്തു.
ആ ഇരുപ്പു എത്രനേരം തുടർന്നെന്നറിയില്ല; അവളുടെ യാത്രോദ്ദേശ്യം ആരായുന്ന ദൈവദൂതന്റെ ശബ്ദം കേട്ടാണ് അവൾ ബോധതലത്തിലെത്തിയത്! ആ ദൈവിക ഇടപെടലിനോടുള്ള ഹാഗാറിന്റെ ഒട്ടും വച്ചുകെട്ടില്ലാത്ത പ്രതികരണമായിരുന്നു "എന്നെ കാണുന്നവനെ ഞാൻ ഇവിടെയും (മരുഭൂമിയിൽ) കണ്ടുവോ" എന്ന പ്രസ്താവന! അബ്രാമിന്റെ കൂടാരത്തിൽ സർവ്വസുഖ സമ്പൂർണ്ണയായി പാർത്തുവരവേ അവൾ തിരിച്ചറിഞ്ഞ ദൈവശബ്ദം മരുഭൂമിയിലും തന്നെ തേടിയെത്തിയതിന്റെ ഞെട്ടൽ അവളുടെ വാക്കുകളിൽ പ്രതിധ്വനിയാകുന്നില്ലേ! തുർന്നുള്ള ദൈവിക ഇടപെടലുകളും വാഗ്ദത്തങ്ങളുടെ ആവർത്തനവും തിരുവെഴുത്തായ വിശുദ്ധ വേദപുസ്തകത്തിന്റെ ഒന്നാം പുസ്തകമായ ഉത്പത്തിയുടെ പതിനാറാം അദ്ധ്യായത്തിൽ വായനയാകുന്നു!
ദൈവസാന്നിധ്യം നാം പ്രതീക്ഷിക്കുന്ന മട്ടുപ്പാവുകളിൽ മാത്രമല്ല മരുഭൂമിയുടെ നടുവിലും നീരുറവുകളുടെ ഓരങ്ങളിലും അജ്ഞാതമായ ദിശാസന്ധികളിലും അനുഭവിക്കാനാകുമെന്ന വസ്തുത നാം തിരിച്ചറിയാറുണ്ടോ! ഇടമുറിയാതെ യാഗങ്ങൾ അരങ്ങേറുന്ന ബലിപീഠങ്ങളിൽ മാത്രമല്ല തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയവേദികളിലും അവിടുത്തെ ശബ്ദം കാതോർക്കാനാകും; തീർച്ച!
പ്രിയരേ, കാണേണ്ട കണ്ണുകൾ കാണാതെയും കേൾക്കേണ്ട കാതുകൾ കേൾക്കാതെയും ചേർത്തു പിടിയ്ക്കേണ്ട കരങ്ങൾ തള്ളിയെറിയുകയും ചെയ്യുന്ന പരിസരങ്ങൾ ഏറെയുണ്ടിവിടെ! ഓടിയൊളിക്കുവാൻ ഒളിവിടങ്ങൾ തപ്പുന്നവരും കുറവല്ല! എങ്കിലും "കാണുന്ന കണ്ണുകളുള്ള ഉടയവൻ" ഏതോ അജ്ഞാത കേന്ദ്രത്തിൽ ഒളിപ്പിക്കുമെന്നല്ല, പ്രത്യുത ഒരിക്കൽ ഇറക്കിവിട്ടിടത്തേക്കു മടക്കി അയച്ചു അവിടുത്തെ വാഗ്ദത്തം അണുവിടവിടാതെ നിവർത്തിക്കുമെന്ന വസ്തുത ചരിത്രത്തിന്റെ സചിത്രതെളിവുകളോടെ നിരത്തിവയ്ക്കുവാൻ ഏറെയുണ്ട്!




0 Comments