
1857 മാര്‍ച്ച്, 8 ന്, ന്യൂയോര്‍ക്കിലെ വനിതകള്‍ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാദിനത്തിന് തുടക്കമായത്. തുണിമില്ലുകളില്‍ ജോലിചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകള്‍ സംഘടിച്ച്, കുറഞ്ഞ ശമ്പളത്തിനെതിരായും ദീര്‍ഘസമയത്തെ ജോലി ഒഴിവാക്കുവാനും മുതലാളിത്തത്തിനുമെതിരെ വോട്ടുചെയ്യാനുമുളള അവകാശത്തിനുവേണ്ടിയും ആദ്യമായി സ്വരമുയര്‍ത്തിയപ്പോള്‍ അത് ചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നു.
സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായ ഒരു വലിയ ദിനമാണ് അന്താരാഷ്ട്ര വനിതാദിനാചരണം. വിദ്യാഭ്യാസം, ആരോഗ്യം,തൊഴില്‍,കുടുംബം തുടങ്ങിയ കാര്യങ്ങളില്‍ വനിതകള്‍ നേടിയ വിജയത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ ആണ് ദിവസം.
ഇന്ന് ലോകത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും സ്ത്രീകളുടെ ശബ്ദം ഉയര്‍ന്നു കേള്‍ക്കുന്നു എന്നത് വസ്തുതയാണ്. എന്നാല്‍ പലപ്പോഴും ആ സ്ത്രീ ശബ്ദത്തിലെ അര്‍ത്ഥതലങ്ങള്‍ വേര്‍തിരിച്ചറിയുവാന്‍ സമൂഹത്തിന് കഴിയുന്നുണ്ടോ എന്ന് ഇനിയും ചിന്തിയ്‌ക്കേണ്ടിയിരിയ്ക്കുന്നു. കുടുംബത്തിനകത്തും പുറത്തും സമൂഹത്തിലും സ്ത്രീ ശബ്ദമുയര്‍ത്തുമ്പോള്‍ സമൂഹത്തിന്റെ സ്ഥായിയായ കാഴ്ചപ്പാടുകള്‍ക്കും വികല മനസുകളുടെ വികാരങ്ങള്‍ക്കും ഇക്കിളികള്‍ക്കും പരിഹാസത്തിനും അനുസരിച്ച് മാത്രമാണ് അതിന്റെ അര്‍ത്ഥവ്യതിയാനങ്ങള്‍ പ്രതിധ്വനിയ്ക്കപ്പെടുന്നത്.
അവളുടെ കണ്ണീരിന്റെ തിളക്കം മാത്രമാണ് മറ്റുള്ള കണ്ണുകള്‍ക്ക് ദര്‍ശിയ്ക്കുവാന്‍ കഴിയുന്നത്. അതിന്റെ ഉറവിടത്തിന്റെ നീറ്റല്‍ തിരിച്ചറിയുവാന്‍ മാത്രം നമ്മുടെ സമകാലീന സമൂഹം പക്വത നേടിയിട്ടില്ല എന്നു പറയുന്നത് പരിഷ്‌കൃതസമൂഹത്തിന് അപമാനം തന്നെയാണ്.
അവള്‍ അന്വേഷിയ്ക്കുന്ന സുരക്ഷിതത്വം നല്‍കുവാന്‍ സമൂഹം തയ്യാറാകുന്നതിനു പകരം സ്വന്ത സന്തോഷത്തിനുവേണ്ടി അവളുടെ സുരക്ഷിതത്വം ഏതുവിധേനയും ഇല്ലായ്മ ചെയ്യാന്‍ ശ്രമിയ്ക്കുന്ന സമൂഹത്തില്‍ അവള്‍ ഒറ്റപ്പെട്ടുപോകുകയാണ് അല്ലെങ്കില്‍ അവളുടെ ശബ്ദത്തിന്റെ ഉയര്‍ച്ച താഴ്ചകളെ തിരിച്ചാറിയാതെ പോകുകയാണ് ഈ സമൂഹം.
ഒരു വനിതാദിനം കൂടി ലോകമെമ്പാടും ആഘോഷിയ്ക്കപ്പെടുമ്പോള്‍ രണ്ട് കുഞ്ഞുങ്ങളെ മാറോട് ചേര്‍ത്ത് കെട്ടിപുണര്‍ന്ന് കാതുതുളയ്ക്കുന്ന തീവണ്ടിയുടെ ശബ്ദങ്ങള്‍ക്കുമുമ്പില്‍ സ്വയം ചിന്നിച്ചിതറാന്‍ തയ്യാറായി മരണത്തിലും മക്കള്‍ കൂടെയുണ്ടാകണമെന്നുചിന്തിച്ച ആ അമ്മയുടെ ചിത്രം കണ്ണില്‍നിന്നും മായുന്നില്ല. ആ കുഞ്ഞുങ്ങള്‍ ആ അമ്മയോട് ചേര്‍ന്ന് നിന്നുവെങ്കില്‍ അതിനര്‍ത്ഥം സമൂഹം അവളുടെ കണ്ണീര്‍ കണ്ടു പക്ഷെ അതിന്റെ അര്‍ത്ഥതലങ്ങള്‍ മനസിലാക്കാന്‍ ആ കുഞ്ഞുങ്ങള്‍ക്ക് മാത്രമേ കഴിഞ്ഞുള്ളൂ! പറയാനും പരിഹസിയ്ക്കാനും തോണ്ടിയെടുക്കാന്‍ തെളിവുകളും പരസ്പരം ആരോപിയ്ക്കാന്‍ ന്യായീകരണങ്ങളും ഏതു വിഷയത്തിനും കാണും.
ഒരുസ്ത്രീയുടെ കണ്ണീരിനുമുമ്പില്‍, അവളുടെ ജീവിതത്തിനു മുമ്പില്‍, അവളുടെ മക്കളുടെ ഭാവിയ്ക്കുമുമ്പില്‍ കൊട്ടിയടയ്ക്കപ്പെട്ട വാതിലുകളും മനസിലാക്കാന്‍ ശ്രമിക്കാതെ കയ്യൊഴിഞ്ഞ സമൂഹത്തിനും വേഗത്തില്‍ മറക്കാനാവുമോ കെട്ടിപ്പുണര്‍ന്ന് കണ്ണുകള്‍ ഇറുക്കിയടച്ച്....മരണത്തെ വരിച്ച ആ മുഖങ്ങള്‍?
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല)






0 Comments