നമ്മള്‍ ചിന്തിയ്ക്കുന്ന അത്രയും സ്ഥാനം പലരുടെയും മനസ്സില്‍ ഇല്ല എന്ന തിരിച്ചറിവ് പെട്ടന്നാണ് അവനുണ്ടായത്. മഴ പെയ്തിറങ്ങിയ വെള്ളം നിറഞ്ഞ പാടത്തേക്ക് അല്പ സമയം നോക്കി നിന്നു.
ഇന്ന് എന്റെ മനസിനോട് ഞാന്‍ പറഞ്ഞു നീ ഒറ്റയ്ക്കാണ്, പക്ഷെ അവന്‍ അശ്വസ്ഥനായി എന്നോട് എതിര്‍ത്തു.... എന്നെ ഉറങ്ങാന്‍ അനുവദിച്ചില്ല, ചിന്തിയ്ക്കാന്‍ സമ്മതിച്ചില്ല, ആഹാരം കഴിക്കെരുതെന്ന് ആജ്ഞാപിച്ചു., വിശപ്പും ദാഹവും ഉറക്കവും അവന്റെ നിയന്ത്രണത്തിലായി. ഒരു രാക്ഷസനെപ്പോലെ എന്നെ ആക്രമിച്ചു. കുറെ കോലാഹലങ്ങള്‍ സൃഷ്ടിച്ചു. മഴനനഞ്ഞതും വെയില്‍ കൊണ്ടതും കുറ്റപ്പെടുത്തലുകള്‍ സഹിച്ചതും എന്തിനായിരുന്നു....? ഒന്നിനു പുറകെ ഒന്നായി ചോദ്യങ്ങള്‍... എനിക്ക് മറുപടി ഇല്ലായിരുന്നു... കോരിച്ചൊരിയുന്ന മഴയില്‍ സൂര്യനെ അസ്തമിക്കാന്‍ അനുവദിയ്ക്കാതെ മഴമേഘങ്ങള്‍ പടിഞ്ഞാറെ ചക്രവാളത്തെ കണ്ണീരുകൊണ്ട് മറച്ചിരുന്നു. എന്നും പുഞ്ചിരിയോടെ അസ്തമിയ്ക്കാന്‍ അരികെയെത്തുമ്പോള്‍ മാറോട് ചേര്‍ത്തണയ്ക്കുന്ന ചക്രവാളത്തെ കാണാതെ സൂര്യന് സമനിലതെറ്റി.
ആരോടെന്നില്ലാതെ വേദനിപ്പിയ്ക്കുന്ന കൂരമ്പകള്‍ തൊടുത്തുവിട്ട മിന്നലിന്റെ പ്രകാശത്തില്‍ പ്രപഞ്ചം ആരുടെയോ മുഖം തിരയുന്നുണ്ടായിരുന്നു. വിളക്കുകള്‍ അണഞ്ഞു. പക്ഷികള്‍ ചിലച്ചില്ല.. തുളച്ചുകയറുന്ന കുളിരുമായി അന്ധകാരം താഴേക്കിറങ്ങി. ശരീരത്തിനു ചൂടോ തണുപ്പോ എന്നറിയാനുള്ള കഴിവ് മനസിനു നഷ്ടപ്പെട്ടു.
സാവധാനം ഞാന്‍ എന്റെ മനസിനെ കെട്ടിപ്പിടിച്ചു തലോടി. ഒരു നിമിഷം ഒഴുകിയെത്തിയ കണ്ണീര്‍ കണത്തിന്റെ തിളക്കം കണ്ട മനസ് എന്റെ മുഖത്തേക്ക് നോക്കി... മനസ് ശാന്തമാകാന്‍ തുടങ്ങി... കവിളിലൂടൊഴുകി വരുന്ന ഒരു തുള്ളി കണ്ണീര്‍ കണ്ട മനസ് നീറി. ഇത് അവസാനത്തെ തുള്ളിയാണ് ഇനി ഒഴുക്കാന്‍ കണ്ണീരില്ല എന്ന് കണ്ണുകള്‍ മനസിനെ അറിച്ചു. നാവില്‍ ഒഴുകി എത്തിയ കണ്ണീര്‍തുള്ളിയുടേത് ഉപ്പുരസമല്ല ചോരയുടെ രുചിയാണെന്ന് മനസ് തിരിച്ചറിഞ്ഞ നിമിഷത്തില്‍തന്നെ എന്റെ കണ്ണുകള്‍ മനസിനോട് പറഞ്ഞു ഇനിയും നിറഞ്ഞൊഴുകാന്‍ എന്നെ എന്നെ അനുവദിക്കരുത്.
സാവാധാനം ഉറങ്ങാന്‍ മനസ് എന്നെ അനുദിച്ചു. പാതിമയക്കത്തില്‍ എന്റെ മനസ് എന്നോട് പറഞ്ഞു. നിനക്ക് പരിമിതികളുണ്ട്. അമാനുഷികശക്തിയോ അത്ഭുതസിദ്ധിയോ നിനക്കില്ല. നീ ഒരു സാധാരണ മനുഷ്യനാണ്.
പ്രകൃതി ഒരുക്കിയ എന്തൊക്കെയോ ശബ്ങ്ങള്‍ കേട്ട് ഉണര്‍ന്നു. കഴിഞ്ഞ രാത്രിയിലെ മഴയില്ല, നല്ല തെളിഞ്ഞ ആകാശം. ഒരു കപ്പ് ചായയുമായിവീടിന്റ മട്ടുപ്പാവില്‍ എത്തി. പുഞ്ചിരിയോടെ ഉയിര്‍ത്തെഴുന്നേറ്റുവരുന്ന സൂര്യന്‍. ഞാന്‍ തിരിഞ്ഞു നടന്നു 'ഗുഡ്‌മോര്‍ണിംഗ്' ഞാന്‍ ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോള്‍ സൂര്യന്‍ എന്നെ നോക്കി ചിരിയ്ക്കുന്നു. മനുഷ്യന്‍ ഉണ്ടായ കാലം മുതല്‍ സുപ്രഭാതം ആശംസിയ്ക്കുന്ന
അഭിമാനത്തോടെ! സന്തോഷത്തോടെ പടിയിറങ്ങപ്പോള്‍ '' നിങ്ങള്‍ക്ക് ഒരു നല്ല ദിവസം നേരുന്നു' ചിരിച്ചുകൊണ്ട് എന്റെ മനസ് പറഞ്ഞു, അത് ഞാനാണ്. നീ ഒറ്റയ്ക്കല്ല ഞാന്‍ കൂടെയുണ്ട്. അത് കേട്ട് കണ്ണുകള്‍ ചിരിച്ചു. മനസ് ഓര്‍മിപ്പിച്ചു.. ശ്വാസം നിലയ്ക്കുന്നതുവരെ.... കണ്ണുകള്‍ വീണ്ടും നിറഞ്ഞു.




0 Comments