കുവൈറ്റിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ കോട്ടയം സ്വദേശിനിയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ അമ്മയുമായ യുവതിയായ സ്റ്റാഫ് നഴ്‌സ് ഇന്നലെ വൈകിട്ട് നടന്ന വാഹനാപകടത്തിൽ ദാരുണമായി മരണപ്പെട്ടു.
കുവൈറ്റ് MOH ന് കീഴിലുള്ള അൽജാബിർ ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സ് ആയിരുന്ന കോട്ടയം തൃക്കൊടിത്താനം കുന്നുംപുറം സ്വദേശിനി ജസ്റ്റി റോസ് ആന്റണിയാണ് മരിച്ചത്. ഏതാനും ദിവസങ്ങൾക്കു മുൻപ് മാത്രമാണ് ജസ്റ്റിയും കുടുംബവും അവധിക്ക് നാട്ടിലെത്തിയത്.
ഇന്നലെ ഉച്ചകഴിഞ്ഞ് 2:15ന് ആയിരുന്നു അപകടം.
വാഴൂർ റോഡിൽ പൂവത്തുംമൂട് എന്ന സ്ഥലത്ത് വച്ച് ഇവർ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാറിൽ എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം നഷ്ടമായ കാർ ഓട്ടോയിലും ഇടിച്ചു.
അപകടത്തിൽ ജസ്റ്റിയുടെ ഭർത്താവ് ജസ്വിൻ ജോൺ, മക്കളായ ജോവാൻ, ജോവാന എന്നിവർക്കും ബൈക്കിലും ഓട്ടോയിലും സഞ്ചരിച്ചിരുന്നവർക്കും പരിക്കുണ്ട്.
കോ ഡ്രൈവർ സീറ്റിൽ ഇരിക്കുകയായിരുന്ന ജസ്റ്റിയുടെ വശത്തുള്ള ഡോറിൽ അമിതവേഗതയിൽ വന്ന സൂപ്പർ ബൈക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് പ്രാഥമികനിഗമനം.
ജസ്റ്റിയുടെ സഹോദരി പ്രിയമോളും കുവൈറ്റിൽ സ്റ്റാഫ് നഴ്‌സ് ആണ്.




0 Comments