രാജസ്ഥാനിലെ പെന്തെക്കോസ്ത് മുന്നേറ്റത്തിന്റെ നാൾവഴികളിൽ പിന്നിട്ട അഞ്ചര പതിറ്റാണ്ടുകളുടെ നിറസാന്നിധ്യമായിരുന്നു പാസ്റ്റർ പീറ്റർ കുരുവിള എന്ന ദൈവപുരുഷൻ. 1948 മാർച്ചു 19 നു കേരളത്തിലെ മലയോര ജില്ലയായ ഇടുക്കിയിൽ ചീന്തലാർ എന്ന ഗ്രാമത്തിൽ ഒരു കത്തോലിക്കാ കുടുംബത്തിൽ ശ്രീമാൻ ഉലഹന്നാൻ കുരുവിളയുടെയും ശ്രീമതി മറിയാമ്മയുടെയും എട്ടു മക്കളിൽ ഏഴാമനായിട്ടു കുഞ്ഞുമോൻ എന്ന പാസ്റ്റർ പീറ്റർ കുരുവിള ഭൂജാതനായി. കോട്ടയം താഴത്തങ്ങാടിയിൽ നിന്ന് ഹൈറേഞ്ചിന്റെ ഉയർച്ചയിലേക്കു കുടിയേറിപ്പാർത്തതായിരുന്നു ഈ കുടുംബം. ഈ കുടിയേറ്റമാകട്ടെ മതഭക്തനായിരുന്ന ശ്രീമാൻ ഉലഹന്നാന്റെ ജീവിതം ഏറെ പ്രശ്നസങ്കീർണ്ണമാക്കി തീർത്തു. എങ്കിലും ഒരു സായന്തനത്തിൽ ആ പിതാവ് കൃപയാലുള്ള രക്ഷയിലേക്ക് ഒരു ലഖുലേഖ മുഖാന്തിരം നടന്നു കയറുവാൻ ഇടയായതാണ് പാസ്റ്റർ പീറ്റർ കുരുവിള എന്ന മിഷണറിയുടെ ആരംഭത്തിനു കാരണമായി ഭവിച്ചതു.
പിതാവ്, ആലടി എസ്റ്റേറ്റ് സൂപ്പർ വൈസറായിരുന്നതിനാൽ ഭേദപ്പെട്ട ജീവിത ചുറ്റുപാടുകളും സാഹചര്യങ്ങളുമൊക്കെയുള്ള അന്തരീക്ഷത്തിലായിരുന്നു പാസ്റ്റർ പീറ്റർ കുരുവിളയുടെ ബാല്യവും വിദ്യാഭ്യാസവുമൊക്കെ.
1962 ഏപ്രിൽ 12 നു രക്ഷാനിർണ്ണയം പ്രാപിച്ച പീറ്റർ കുരുവിള, അടുത്ത മാസം 15 നു കർത്താവിനെ ജലത്തിൽ സാക്ഷിച്ചു ദൈവപൈതലായി തീർന്നു.
മുളക്കുഴയിലെ ബൈബിൾ കോളേജ് പഠനാന്തരം ചില നാളുകൾ കേരളത്തിന്റെ മണ്ണിൽ സഭാശുശ്രൂഷ നിർവ്വഹിച്ചു. അപ്പോൾ തന്നെ ഉത്തരഭാരത സുവിശേഷീകരണം ഒരു ലഹരി കണക്കെ മനസ്സിനെ കീഴടക്കി കഴിഞ്ഞിരുന്നു. അങ്ങനെയിരിക്കെയാണ് ഓപ്പറേഷൻ മൊബിലൈസേഷൻ (OM) ഉത്തര ഭാരതത്തിലേക്ക് സുവിശേഷകരെ ആവശ്യമുണ്ടെന്നുള്ള ഒരു പരസ്യം പ്രസിദ്ധീകരിച്ചത് ശ്രദ്ധയിൽ പെട്ടത്. അതനുസരിച്ചു OM ന്റെ എറണാകുളം ഓഫീസിലേക്ക് വണ്ടി കയറിയ പാസ്റ്റർ പീറ്റർ, അവിടെ നടന്ന മുഖാമുഖത്തിൽ വിജയിക്കുകയും ബാംഗ്ളൂരിലേക്കു അയക്കപ്പെടുകയും ചെയ്തു. അവിടെ വച്ചാണ് സുവി. കെ പി യോഹന്നാനെ പരിചയപ്പെടുന്നത്. അവിടെ നിന്ന് മുംബയിലേക്കും തുടർന്ന് അജ്മീറിലേക്കും ഇങ്ങനെ ഉത്തരഭാരതത്തിന്റെയും വിശേഷാൽ രാജസ്ഥാന്റെയും വിവിധ പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും OM ന്റെ ഒപ്പം യാത്ര ചെയ്തെത്തി. പരസ്യയോഗങ്ങളും ലഖുലേഖാ വിതരണവും വ്യക്തിപരസുവിശേഷീകരണവും ഒക്കെയായി തിരക്കുപിടിച്ച നാളുകളായിരുന്നു അതെല്ലാം.
ഉദയ്പൂരിൽ ആയിരുന്ന നാളുകളിലാണ് രാജസ്ഥാന്റെ അപ്പോസ്തോലനായിരുന്ന പാസ്റ്റർ തോമസ് മാത്യുവിനെ പരിചയപ്പെടുന്നത്. ആ കൂടിക്കാഴ്ചയും ഒന്നിച്ചുള്ള പ്രവർത്തനവും പാസ്റ്റർ തോമസ് മാത്യുവിന്റെ ആഴമായ സമർപ്പണവും സുവിശേഷീകരണ രംഗത്ത് പാസ്റ്റർ പീറ്റർ കുരുവിളയെ തെല്ലൊന്നുമല്ല സ്വാധീനിച്ചത്.
1968 മുതൽ 1973 വരെ OM ന്റെ ഒപ്പം അംഗമായും ടീം ലീഡറായും വിവിധ നിലകളിൽ പ്രവർത്തിക്കുവാൻ അവസരം ലഭിച്ചു. OM ന്റെ സുവിശേഷ വാഹിനിക്കപ്പലായിരുന്ന ലോഗോസിൽ കൊളംബോ, ഗാലെ, ബറ്റികളൊവ, കാൻഡി, ചിറ്റഗോഗ്, ഇൻഡോനേഷ്യ, മലേഷ്യ, മാലി, അറേബ്യ, ആഫ്രിക്ക മുതലായ നിരവധി ലോക രാജ്യങ്ങൾ സന്ദർശിക്കുവാനുള്ള അവസരവും ഈ കാലയളവിൽ തനിക്കുണ്ടായി.
ഉത്തരഭാരത്തിനായി പൂർണ്ണമായി സമർപ്പിക്കപ്പെട്ടിരുന്ന യുവമിഷണറി പാസ്റ്റർ പീറ്റർ കുരുവിളയും, അതേ ദർശനത്തിലും സമർപ്പണത്തിലും ഉറ്റിരിക്കുകയും കർത്താവിന്റെ സമയത്തിനായി പ്രാർത്ഥനയോടെ കാത്തിരിക്കുകയും ചെയ്തു വന്നിരുന്ന കുഞ്ഞമ്മ എന്ന മറിയാമ്മയെ 1976 ജനുവരി 8 നു തന്റെ ജീവിത സഖിയായി സ്വീകരിച്ചു. കോട്ടയം മീനടത്തു കല്ലൂർ കുടുംബത്തിൽ ശ്രീമാൻ ജോൺ - ശ്രീമതി അന്നമ്മ ദമ്പതികളുടെ ആറു മക്കളിൽ മൂത്ത മകളാണ് ശ്രീമതി മറിയാമ്മ.
വിവാഹാനന്തരം കർത്താവ് കൊടുത്ത പ്രത്യേക നിയോഗമനുസരിച്ചു പാസ്റ്റർ തോമസ് മാത്യുവിന്റെ ആതിഥേയത്വം സ്വീകരിച്ചു ഉദയ്പ്പൂരിൽ എത്തിച്ചേർന്ന പാസ്റ്റർ പീറ്റർ കുരുവിള, അധികം താമസിയാതെ തന്നെ ഗർഭിണിയായ തന്റെ ജീവിത സഖിയെ കൂടെ അവിടേക്കു കൊണ്ടു വന്നു. തന്നെക്കുറിച്ചുള്ള ദൈവിക പദ്ധതിയുടെ പൂർത്തീകരണത്തിലേക്കുള്ള കാൽവയ്പ്പായി 1977 ഓഗസ്റ്റ് 10 നു പാസ്റ്റർ പീറ്റർ കുരുവിള തന്റെ സഹധർമ്മിണിയേയും കേവലം 10 മാസം മാത്രം പ്രായമുള്ള മകളെയും (റീന) കൂട്ടി ജയ്പ്പൂരിൽ എത്തി ചേർന്നു. ഫിലിപ്പോസിനെ ഗസ്സയ്ക്കുള്ള നിർജ്ജനപ്രദേശത്തേക്കു ദൗത്യവുമായി അയച്ച നാഥൻ പാസ്റ്റർ പീറ്റർ കുരുവിളയെ ജയ്പ്പൂരിലേക്കയച്ചതും ഒരു വലിയ ദൗത്യം ഭരമേല്പിച്ചു തന്നെയായിരുന്നു എന്നാണു പിൽക്കാല സംഭവങ്ങൾ നാളിന്നുവരെ തെളിയിക്കുന്നത്.
ജയ്പൂർ പട്ടണഹൃദയത്തിൽ സി-സ്കീമിലുള്ള ഒരു മുസ്ളീം സഹോദരനറെ വാടകവീട്ടിൽ പ്രാരംഭം കുറിച്ച ഒരു ചെറിയ കൂട്ടായ്മയാണ് 'അഗാപ്പെ ഫെല്ലോഷിപ്പ് ചർച്ച്' എന്ന പേരിൽ ജയ്പൂർ പട്ടണത്തിൽ അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന ദൈവസഭ. നിലവിൽ അജ്മീർ റോഡിനോട് ചേർന്ന് ഡോക്ടേഴ്സ് കോളനിയിൽ (DCM) സ്ഥിതി ചെയ്യുന്ന ഈ ആരാധനാലയം അനുഗ്രഹിക്കപ്പെട്ട കൂട്ടായ്മ മാത്രമല്ല, ചെറിയ ദിവസങ്ങളുടെ ആരംഭത്തെ തുഛീകരിക്കാത്ത ദൈവിക ഇടപെടലിന്റെ ജീവിക്കുന്ന സാക്ഷ്യവും കൂടെയാണ്.
നൂറുകണക്കിനു വിശ്വാസികളും നിരവധി സുവിശേഷകന്മാരും പാസ്റ്റർ പീറ്റർ കുരുവിളയുടെ പ്രവർത്തന ഫലമായി മുമ്പോട്ടു വന്നിട്ടുണ്ട്. അഗാപ്പെ ഫെല്ലോഷിപ്പിന്റെ സീനിയർ ശുശ്രൂഷകനായി പ്രവർത്തിക്കുന്ന അതേ അവസരത്തിൽ തന്നെ ജയ്പ്പൂരിലുള്ള ക്രിസ്തീയ പ്രവർത്തനങ്ങളുടെ അനിഷേധ്യനായ അമരക്കാരനും ആയിരുന്നു പാസ്റ്റർ പീറ്റർ കുരുവിള.
താഴ്മയും വിനയവും അലങ്കാരമാക്കി സമാനതകളില്ലാത്ത വ്യക്തിമുദ്ര പതിപ്പിച്ച ആ സൗമ്യ വ്യക്തിത്വം ഇക്കഴിഞ്ഞ ചൊവ്വാഴ്ച (10/01/2023) പ്രഭാതത്തിൽ താൻ പ്രിയം വച്ച കർത്തൃസന്നിധിയിൽ നിത്യവിശ്രമത്തിലേക്കു ചേർക്കപ്പെട്ടു. 13/01/2023 രാവിലെ തന്റെ ഭൗതിക ശരീരം താൻ സ്ഥാപിച്ചതും പിന്നിട്ട നാളുകളത്രയും ശുശ്രൂഷ നിർവ്വഹിച്ചതുമായ അഗാപ്പെ ഫെല്ലോഷിപ്പ് സഭാ ആസ്ഥാനത്തു കൊണ്ടുവരുന്നതും തുർന്നുള്ള ശുശ്രൂഷകൾക്കു ശേഷം വിദ്യാധർനഗർ ക്രിസ്ത്യൻ സെമിത്തേരിയിൽ ഉയർപ്പിൻ സുപ്രഭാതത്തിന്റെ പ്രത്യാശയോടെ സംസ്കരിക്കുന്നതുമാണ്.
ക്രൈസ്തവ പോർക്കളത്തിലെ ധീരപടയാളി പാസ്റ്റർ പീറ്റർ കുരുവിളയ്ക്ക് ജയ്പ്പൂർ ക്രിസ്തീയ സമൂഹം ആദരവോടെ വിടപറയുന്നു! ഉയർപ്പിൻ പൊൻപുലരിയിൽ വീണ്ടും കാണുവോളം പോയി വിശ്രമിച്ചുകൊൾക!
ദുഃഖാർത്ഥരായ മറിയാമ്മ ആന്റിയെയും റീന, റെനി കുടുംബങ്ങളെയും കർത്താവു ആശ്വസിപ്പിക്കട്ടെ!
പാസ്റ്റർ അനു ചക്കിട്ടമുറിയിൽ ജയ്പ്പൂർ.



0 Comments