ദൂരത്തും ചാരത്തുമായി നടക്കുന്ന സംഭവ വികാസങ്ങള്‍ നാം അടുത്തറിയുന്നത് വാര്‍ത്താ മാധ്യമങ്ങള്‍ വഴിയാണ്. മാധ്യമ ലോകം ടെക്‌നിക്കലായി വളരെയധികം വളര്‍ന്നിരിക്കുന്നു. എന്നാല്‍ പല വിഷയങ്ങളിലും തങ്ങളുടെ ധര്‍മ്മം മറന്ന് പോകുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വാര്‍ത്തകള്‍ വളച്ചൊടിച്ചും ഉള്ളത് ഇല്ലാതാക്കിയും ഇല്ലാത്തത് സൃഷ്ടിച്ചുമൊക്കെ ജനങ്ങള്‍ക്കിടെ സ്വാധീനം നേടാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഒരുവാക്ക് അസഭ്യം പറഞ്ഞാല്‍ അത് ലോകം അറിഞ്ഞാല്‍ ഇമേജ് നഷ്ടമാകും എന്നും, നാണക്കേടാകുമെന്നുമൊക്കെ നേതാക്കാന്മാര്‍ ചിന്തിച്ച ഒരു കാലം ഉണ്ടായിരുന്നു. എന്നാല്‍ തരംതാണ വാക്കുകള്‍ ഉച്ചരിച്ചും സ്വയം അധപതിരക്കുന്നത് അഭിമാനമായി കാണുന്നവരുടെ പിന്നാലെ ക്യാമറകള്‍ ചലിപ്പിച്ചും, അവര്‍ പുലമ്പുന്ന സഭ്യമല്ലാത്ത വാക്കുകള്‍ തൂലികവഴി വരച്ചുകാട്ടി അച്ചടിച്ച് ജനങ്ങളുടെ കൈകളില്‍ എത്തിച്ചും തങ്ങള്‍ പുതിയതെന്തോ ഉത്തരവാദിത്വത്തോടെ ചെയ്യുന്നുവെന്ന് മാധ്യമങ്ങള്‍ അവകാശപ്പെടുമ്പോള്‍ മേല്‍പറഞ്ഞവര്‍ക്ക് അവരുടെ തെറ്റായ നടപടികള്‍ക്ക് ലോകമെങ്ങും കവറേജ് കൊടുക്കുകയായിരുന്നു നാം.
നേരായ വഴിയില്‍ അല്ലെങ്കിലും സാരമില്ല എന്നെ ലോകം അറിയണം എന്ന് ആഗ്രഹിക്കുന്നവരാണ് പലരും. സാമൂഹിക വിപത്തായി മാറിയവരെയും നാവിന് നിയന്ത്രണമില്ലാത്തവരെയും ഒറ്റപ്പെടുത്തി മാന്യമായതും സംസ്‌കാര സമ്പന്നമായ വിഷയങ്ങള്‍ക്കും കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടതല്ലേ എന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും. അസാധ്യമെന്നും അപ്രായോഗികം എന്നും ഒരു പക്ഷേ തോന്നിയേക്കാം. ഇതൊരു അഭിപ്രായം മാത്രമാണ്. ശബ്ദമില്ലാത്തവര്‍ക്ക് വേണ്ടി ശബ്ദിക്കുവാനും, ജീവന് ഭീഷണിയാകുന്ന വിഷയങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരാനും നാം ധൈര്യം കാണിക്കാറില്ല.
ആത്മീയ രംഗത്തെ മാധ്യമ പ്രവര്‍ത്തനത്തിലും ഈ അപചയം മൂല്യച്യുതിയെ ക്ഷണിച്ചുവരുത്തുന്നു. ഒന്നും ഉപേക്ഷിക്കണമെന്നല്ല, ചിലതൊക്കെ ഉപേക്ഷിക്കരുതെന്നാണ് ഉദ്ദേശിച്ചതിന്റെ സാരം. വിശ്വാസ സമൂഹത്തില്‍തന്നെ കഷ്ടത അനുഭവിക്കുന്നവര്‍,നിന്ദയും പരിഹാസവും ഏല്‍ക്കുന്നവര്‍ തുടങ്ങി സുവിശേഷത്തിന് ഉപോത്പലകമായി യാതൊന്നിനും ശ്രദ്ധകേന്ദ്രീകരിക്കാന്‍ പലപ്പോഴും നമുക്ക് കഴിയുന്നില്ല. സഭയെ ഭരിക്കുവാനും, ദൈവദാസന്മാരെ കുറ്റം വിധിക്കുവാനും,അപമാനിക്കുവാനും, വ്യക്തി വൈരാഗ്യത്തിനും പകയുമെല്ലാം തീര്‍ക്കുവാനും, ഒരു വ്യക്തിയോട് നേരെ പറഞ്ഞാല്‍ തീരാവുന്ന കാര്യങ്ങള്‍ അച്ചടിച്ച് വിതരണം ചെയ്യുന്നതെല്ലാം നമ്മുടെ യഥാര്‍ത്ഥ ദൗത്യത്തില്‍ നിന്നും നമ്മെ മാറ്റികളയുന്നു.
തെറ്റ് ചൂണ്ടിക്കാണിക്കുവാനും കാര്യങ്ങള്‍ വിമര്‍ശിക്കുവാനും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുവാനും നമുക്ക് അവകാശവും അധികാരവുമുണ്ട്. എന്നാല്‍ അത് ഒരിക്കലും ഒരു വ്യക്തിയുടെയോ പ്രസ്ഥാനത്തിന്റെയോ അദ്ധ്വാനത്തിന്റെയും വിയര്‍പ്പിന്റെയും ദാരുണമായ അന്ത്യം കണ്ട് സന്തോഷിക്കാന്‍ വേണ്ടി ആകരുത്.
ക്രൈസ്തവ മൂല്യങ്ങള്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തില്‍ക്കൂടിയാണ് നാം കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. വ്യത്യസ്തമായ നിലപാടുകളും അവസരത്തിനൊത്ത് നീങ്ങുന്ന ആത്മീകതയും മനസാക്ഷിമരവിച്ച് സ്വാര്‍ത്ഥതയ്ക്കുവേണ്ടി മാത്രം കൈ ഉയര്‍ത്തന്നവരും വര്‍ദ്ധിച്ചുവരുന്ന നമ്മുടെ സമൂഹത്തില്‍ വ്യക്തവും ശക്തവുമായ ഒരു മാധ്യ സംസ്‌കാരം ഉരിത്തിരിയേണ്ടത് അനിവാര്യമായിരിക്കുന്നു.
നിയമ പരിരക്ഷയും സമൂഹത്തിന്റെ ആനുകൂല്യങ്ങളും സഹൂഹത്തില്‍ മുഴങ്ങിക്കേള്‍ക്കുന്ന ശബ്ദങ്ങളും ആജ്ഞകളും എല്ലാം സമ്പത്തിനെയും രാഷ്ടീയ സ്വാധീനത്തെയും ആശ്രയിച്ചാണ് മുമ്പോട്ട് പോകുന്നത്. അത് പൊതുജനത്തിലും ആത്മീയര്‍ക്കിടയിലും പരമാര്‍ത്ഥമാണ്. അതുകൊണ്ടുതന്നെ മാധ്യമങ്ങളും പലപ്പോഴും ഇവിടെയാണ് നിലയുറപ്പിക്കാറുളളത്. ശബ്ദമില്ലാത്തവരുടെയും സ്വാധീനമില്ലാത്തവരുടെയും അവകാശങ്ങളോ അനുഭവങ്ങളോ പുറംലോകമോ നേതാക്കന്മാരോ അറിയാറില്ല. ഇവിടെയാണ് ഒരു യഥാര്‍ത്ഥ മാധ്യമത്തിന്റെ ആവശ്യകതയും സാന്നിധ്യവും ഉണ്ടാകേണ്ടത്.
-ഷാജി വാഴൂർ




0 Comments