
വിനോദ് എബ്രഹാം, ദുബായ്
" നിനക്കു ധൈര്യമുണ്ടെങ്കിൽ ഇവിടേക്കു വരൂ". ടിക്ടോക്കിലെ ലൈവ്സ്ട്രീമിംഗിലൂടെ പരസ്പരം നടത്തിയ പോർവിളികൾ അങ്ങനെ ഷാർജ അൽനാദയിൽ ഒരു കാർപാർക്കിംഗ് സ്ഥലത്തെ സംഘട്ടനത്തിലേക്കും ഒടുവിൽ കണ്ണൂരിലെ പഴയങ്ങാടി സ്വദേശിയായ ഇസ്‌മായേലിൻ്റെ അന്ത്യത്തിലേക്കും കലാശിക്കുകയായിരുന്നു. തമ്മിൽതല്ലി ഒരാളെ മരണത്തിലേക്ക് തള്ളിവിട്ടപ്പോൾ ഇല്ലാതായത് ഒരു പ്രവാസിയുടെ ആയുസ്സിലെ സമ്പാദ്യവും വീട്ടുകാരുടെയും ബന്ധുക്കളുടെയുമൊക്കെ പ്രതീക്ഷകളുമായിരുന്നു.
നാടിൻ്റെ ഗൃഹാതുര ചിന്തകളെ പുതുക്കുവാനും പ്രവാസജീവിതത്തിൻ്റെ വിരഹതയും സങ്കടങ്ങളുമൊക്കെ മറക്കുവാനും നമ്മൾ കണ്ടെത്തിയ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകൾ ഇന്നു ലക്ഷ്യം മാറി സഞ്ചരിക്കുന്നുവോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഈ സാമൂഹിക മാധ്യമങ്ങൾ ഒക്കെ ചിലരുടെയെങ്കിലും കൈയിലെ വിനാശകരമായ ആയുധമായി മാറിയിരിക്കുന്നു.
വിനോദത്തിൻ്റെയും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിൻ്റെയും അതിരുകൾ ലംഘിച്ച് ഇവയിപ്പോൾ അനധികൃത വ്യാപാരങ്ങളുടെയും വ്യക്തിഹത്യകളുടെയും വേദികളാത്തീർന്നിരിക്കുന്നു.
ഇത്തരം ദാരുണസംഭവങ്ങൾ പ്രമാസിസമൂഹത്തിനു നല്കുന്നത് വലിയൊരു മുന്നറിയിപ്പാണ്. മൊബൈൽ സ്ക്രീനിലെ വ്യൂവേഴ്സിനും താല്ക്കാലിക സാമ്പത്തിക നേട്ടങ്ങൾക്കും വേണ്ടി സ്വന്തം ജീവിതവും സംസ്‌കാരവും പണയം വയ്ക്കണ്ടിവരുന്ന സ്ഥിതി മാറേണ്ടതാണ്. സൈബർലോകത്തെ സ്വാതന്ത്ര്യം അപരൻ്റെ ജീവനെടുക്കുന്ന ക്രിമിനലിസത്തിലേക്കു കടക്കാതിരിക്കാനുള്ള ബോധവൽക്കരണവുമായി പ്രവാസിസംഘടനകൾ മുമ്പോട്ടിറങ്ങേണ്ടതായുണ്ട്. ഇല്ലെങ്കിൽ മണലാരണ്യത്തിൽ വിയർപ്പൊഴുക്കി പ്രവാസികൾ പടുതുയർത്തിയ അന്തസും അഭിമാനവുമൊക്കെ ഇത്തരം പ്രവർത്തികളിൽ ക്രമേണ ഇല്ലാതായിപ്പോകുകയാകും ഫലം.
--------------------------------------------------------------------------





0 Comments