
കവിത വിനോദ് ഏബ്രഹാം ദുബായ്
പണ്ടു താണ്ടിയ ഗ്രാമവീഥിക
യിലൂടിന്നു ഞാനിത്തിരി നടന്നു
തോട്ടിലെ കല്ലിൽതട്ടി വിരൽ
ചതഞ്ഞ ഗതകാല ചിത്രങ്ങൾ
അന്നത്തെ മഷിത്തണ്ടും കാക്ക-
പ്പൂവും ഒരിടത്തും കണ്ടില്ല
ആഞ്ഞിലിത്തുമ്പത്താടിക്കളിച്ച
വെൺകൊറ്റികളെവിടെ
കാക്കകൾ സൊറപറഞ്ഞിരുന്ന
നാട്ടുമാവുകൾ ഇന്നവിടില്ല
തിരിയിട്ട കച്ചിത്തുരുത്തുകൾ
ഇപ്പോൾ ഓർമ്മതുരുത്തുകൾ
പാറിനടന്ന അപ്പൂപ്പൻതാടിക-
ളെവിടെയോ പോയ്മറഞ്ഞു
വേലിയിൽ നന്ത്യാർവട്ടവും
കമ്മൽപ്പൂവും വിരിയുന്നില്ല
പാലപ്പൂ മണത്ത പള്ളിക്കട-
വിനിപ്പോൾ ക്ലോറിൻ ഗന്ധം.
നാമാകെ മാറിയിരിക്കുന്നു
ഒപ്പം ഗ്രാമഭാവവും !
---------------------------------------------------------------------------





0 Comments