BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: നിലപാട് വ്യക്തമാക്കി പിസിഐ


മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഒരു മുന്നണിക്കും മണ്ഡലത്തിലെ പെന്തകോസ്ത് സഭകൾ പരസ്യമായ പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്ന്  പെന്തകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ, കേരളാ സ്റ്റേറ്റ് കമ്മിറ്റി. 

സഭാംഗങ്ങളായ വോട്ടർമാർക്ക്  തങ്ങളുടെ സമ്മതിദാനാവകാശം സ്വതന്ത്രമായും  നീതിപൂർവ്വമായും  വിനിയോഗിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യം ഉണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെടാനുള്ള  ഉന്നതമായ പൗരബോധം പെന്തകോസ്ത് വിശ്വാസികൾക്കുണ്ട്.  രാഷ്ട്ര നിർമ്മാണത്തിൽ പങ്കെടുക്കാനും രാഷ്ട്രീയ ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കാനുമുള്ള ജനാധിപത്യ പക്വത പെന്തകോസ്ത്  വിശ്വാസികൾക്കുണ്ട്.


നാളിതുവരെ  കേരളത്തിലെ പെന്തകോസ്ത് സഭാ നേതൃത്വം ഒരു മുന്നണിക്കും സ്ഥാനാർഥിക്കും പരസ്യമായ പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. സഭാ നേതൃത്വം സമ്മർദ്ദ തന്ത്രം പ്രയോഗിക്കുകയോ  വിലപേശൽ നടത്തുകയോ  കക്ഷിരാഷ്ടീയത്തിൽ  ഇടപെടുകയോ  ചെയ്യാറില്ല.

എന്നാൽ ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും സഭയുമായി യാതൊരു ബന്ധവുമില്ലാത്ത ചിലർ സഭയുടെ വക്താക്കൾ ചമഞ്ഞ്  പെന്തകോസ്ത് വോട്ടർമാരുടെ തലയെണ്ണി പണം വാങ്ങുന്ന തെറ്റായ പ്രവണത കണ്ടുവരാറുണ്ട്.  നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലും ഇതാവർത്തിക്കുന്നതായി  മനസിലാക്കുന്നു. മുഖ്യധാരാ സഭയുമായി യാതൊരു ബന്ധവുമില്ലാത്ത ചില  വ്യാജന്മാർ സഭകളും വീടുകളും കയറുന്നത്  ദുഷ്ടലാക്കോടെയാണ്.  സ്ഥാനാർത്ഥികൾക്ക് സഭയുടെ പിന്തുണ പ്രഖ്യാപിക്കാനുള്ള ചുമതല സഭാ നേതൃത്വം ആരെയും ചുമതപ്പെടുത്തിയിട്ടില്ല. ആർക്കും ഏതു രാഷ്ട്രീയ പാർട്ടികളിൽ  പ്രവർത്തിക്കാനും  ഏത് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാനുമുള്ള സ്വാതന്ത്ര്യമുണ്ട്.

എന്നാൽ വോട്ടുകച്ചവടം നടത്തി കീശ വീർപ്പിക്കാൻ കളത്തിലിറങ്ങിയിരിക്കുന്നവർ സഭ പുറത്താക്കിയവരോ  സഭയുടെ അംഗീകാരമോ ക്രഡൻഷ്യലൊ ഇല്ലാത്തവരോ സഭയുടെ ചുമതലകൾ വഹിക്കുന്നവരോ അല്ല. ഇത്തരക്കാരുടെ കെണിയിൽ വിശ്വാസികൾ വീഴരുത്. ഇത്തരം കപടമുഖങ്ങളെ ബഹിഷ്‌കരിക്കണം. പെന്തകോസ്ത് വോട്ടിൻ്റെ മൊത്തവ്യാപാരികളായ  ഇത്തരം കള്ള കച്ചവടക്കാരെ രാഷ്ട്രീയ നേതൃത്വം അകറ്റി നിർത്തണം.വിശ്വാസികൾ വോട്ടിൻ്റെ മൂല്യം മനസ്സിലാക്കി ഉത്തരവാദിത്വത്തോടെ അത് നിർവ്വഹിക്കണം. പിസിഐ കേരളാ സ്റ്റേറ്റ് കമ്മിറ്റി  പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

പാസ്റ്റർ നോബിൾ പി തോമസ്( പ്രസിഡൻ്റ്)

പാസ്റ്റർ തോമസ് എം പുളിവേലിൽ ( വർക്കിങ് പ്രസിഡൻ്റ്)

ഫിന്നി പി മാത്യൂ( വൈസ് പ്രസിഡൻ്റ്)

പാസ്റ്റർ ജെയ്സ് പാണ്ടനാട്( ജനറൽ സെക്രട്ടറി) 

പാസ്റ്റർ രാജീവ് ജോൺ( ട്രഷറാർ)

പാസ്റ്റർ ജിജി ചാക്കോ ( സെക്രട്ടറി)

ഫോൺ: 9847340246



Post a Comment

0 Comments