BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

വലിയ വാഹനങ്ങള്‍ ക്യാമറയില്‍ കുടുങ്ങില്ലേ?

 വലിയ വാഹനങ്ങള്‍ ക്യാമറയില്‍ കുടുങ്ങില്ലേ?


ഷാജി വാഴൂര്‍

മാധ്യമ പ്രവര്‍ത്തകന്‍



അഞ്ചോളം കേസുകള്‍, കരിമ്പട്ടികയില്‍ സ്ഥാനം, അകത്തും പുറത്തും കണ്ണഞ്ചിപ്പിക്കുന്ന അലങ്കാര ബള്‍ബുകളുടെ വെളിച്ച സംവിധാനങ്ങള്‍, ഇടിമുഴക്കത്തെ വെല്ലുവിളിക്കാന്‍പോന്ന ശബ്ദകോലാഹലങ്ങള്‍ എന്നിട്ടും ഒരുകിലോമീറ്റര്‍ അപ്പുറത്തുനിന്നുപോലും യാത്രക്കാരന്റെ പോക്കറ്റ് സ്‌കാന്‍ചെയ്യാന്‍ കഴിവുള്ള  മോട്ടോര്‍വകുപ്പിന്റെ ക്യാമറയില്‍ ഈ ബസ് പതിഞ്ഞില്ലേ എന്ന് നിയമം അറിയാത്ത ചെറുവാഹനങ്ങള്‍ മാത്രമുള്ള വിലകൂടിയ ഹെല്‍മറ്റ് ഇല്ലാത്ത സാധാരരണ ജനം ചോദിക്കുന്നു.

 വേഗപ്പൂട്ട് വേര്‍പെടുത്തിയിരുന്നെന്നും പ്രാഥമിക അന്വേഷണത്തില്‍ വ്യക്തം. അപകടസമയത്ത് ബസ് ഓടിയിരുന്നത് 97,7 കി.മി സ്പീഡില്‍ ആയിരുന്നുവെന്ന് വ്യക്തമായി . ഇവിടെ നിയമങ്ങളുടെ കുറവോ അത് നടപ്പിലാക്കാനുള്ള ഉദ്യോഗസ്ഥരുടെയോ കുറവല്ല മറിച്ച് അഴിമതിയുടെയും അനാസ്ഥയുടെയും പിടിയിലമര്‍ന്ന് നിലവിലുള്ള നിയമവ്യവസ്ഥകളെ വെല്ലുവിളിക്കുന്ന ഉദ്യോഗവൃന്ദങ്ങള്‍ തന്നെയാണ് ഇത്തരം സംഭവങ്ങള്‍ക്ക് ഉത്തരവാദികള്‍. 

  ബൈക്കിന് ഹെല്‍മറ്റ് നിര്‍ബന്ധം, കാറിന് സീറ്റ് ബല്‍റ്റ് നിര്‍ബന്ധം  നിരവധിയാത്രക്കാരുമായി അതിവേഗം പായുന്ന ബസുകള്‍ക്ക് ഈ രണ്ടു സുരക്ഷാ സംവിധാനങ്ങളും ഇല്ല എന്നതും ശ്രദ്ധേയമാണ്. 


''നമ്മള്‍ ഒക്കെ ജീവിച്ചിരുക്കുന്നത് തന്നെ അത്ഭുതം. പല ഡ്രൈവര്‍മാരും ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നു. എന്ത് അപകടം ഉണ്ടായാലും രക്ഷപെടാം എന്ന് ഡ്രൈവര്‍മാര്‍ക്ക് തോന്നലുണ്ട്. അത് ഒരു പരിധി വരെ ശരിയുമാണ്. ബസുകളില്‍ സീറ്റ് ബെല്‍റ്റ്, എയര്‍ ബാഗ് എന്നിവ ഒന്നും ഇല്ല. എന്ത് കൊണ്ട് നമ്മള്‍ അതിനെ പറ്റി ചിന്തിക്കുന്നില്ല. അപകടം ഉണ്ടായത് കൊണ്ടാണ് ഇപ്പോള്‍ ഇതിനെ പറ്റി ചിന്തിക്കുന്നത്. അല്ലങ്കില്‍ നമ്മള്‍ ഇതിനെ കുറിച്ച് ചിന്തിക്കുമോ'' എന്ന ഹൈക്കോടതിയുടെ നിരീക്ഷണം ഇവിടെ പ്രസക്തമാണ്. 



  ഒരു അപകടം ഉണ്ടായാല്‍ അതില്‍ നിന്നും വളരെ എളുപ്പം രക്ഷപെടാവുന്ന നിയമത്തിന്റെ പഴുതുകളും ഏതു നാശനഷ്ടങ്ങള്‍ക്കും 'ബമ്പര്‍ റ്റു ബമ്പര്‍' നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറായി നില്‍ക്കുന്ന ഇന്‍ഷ്വറന്‍സ് കമ്പനികളും അശ്രദ്ധമായി വാഹമനോടിക്കുന്നവരുടെ ധൈര്യത്തെ വര്‍ദ്ധിപ്പിക്കുന്നു. എല്ലാത്തിനും നിയന്ത്രണം വേണം.

അതുപോലെ കുറ്റകരമായ അനാസ്ഥയാണ് നമ്മുടെ ഭരണകര്‍ത്താക്കളുടെ ദീര്‍ഘവീക്ഷണത്തിന്റെ കുറവ്.  അപകട സാധ്യതകള്‍ മുന്‍കൂട്ടി കണ്ട് പരിഹാരം കണ്ടെത്താന്‍ അവര്‍ക്ക് കഴിയുന്നില്ല. അവര്‍ ഏതോ മായാലോകത്താണ്. കൂട്ടമരണങ്ങള്‍ സംഭവിച്ചുകഴിയുമ്പോള്‍ പ്രസ്താവനകള്‍, തീരുമാനള്‍, ഞടുക്കം തുടങ്ങിയവയുമായി രംഗത്തെത്തും. 

 റോഡിലെ കുഴികള്‍ അധികാരികള്‍ കാണമമെങ്കില്‍ ആരെങ്കിലുമൊക്കെ കുഴിയില്‍ വീണ് ചാകണം, പേപ്പട്ടി കടിച്ചാല്‍ അപകടമാണെന്ന് തിരിച്ചറിയണമെങ്കില്‍ പട്ടികടിച്ച് പത്ത് പേര് മരിക്കണം,  വിനോദ യാത്രകളില്‍ അപകടങ്ങള്‍ പതിയിരിപ്പുണ്ടെന്നറിയാന്‍ സ്‌കൂള്‍ കുട്ടികള്‍ ജീവന്‍ കൊടുക്കണം. 

   രാത്രികാലങ്ങളില്‍ വിനോദ യാത്ര പോകുവാന്‍ പാടില്ല എന്ന് ഈ സംഭവത്തെതുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന അവസരത്തിന് യോജിക്കത്തതും വിചിത്രമാണ്.  ഈ തീരുമാനം അധ്യയനവര്‍ഷം  തുടങ്ങിയപ്പോള്‍തന്നെ പുറപ്പെടുവിച്ചുരുന്നെങ്കില്‍ ഒരു വലിയ ആപത്ത് ഒരു പക്ഷേ മാറിപ്പോകുമായിരുന്നു. എത്ര ജീവനുകള്‍ പൊലിഞ്ഞാല്‍ നമ്മുടെ ഭരണകര്‍ത്താക്കള്‍ക്ക് വിവേകമുണ്ടാകും എന്നത് ആശങ്ങയുണര്‍ത്തുന്ന കാര്യം തന്നെയാണ്.

മേല്‍പ്പറഞ്ഞ അപകടത്തിന് കാണമായ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി  ഇപ്പോള്‍ ഉത്തരവിറങ്ങി. അഞ്ചുതവണയില്‍ക്കൂടുതല്‍ കേസിന് വിധേയമായ ബസ് കരിമ്പട്ടികയില്‍ നിലവില്‍ സ്ഥാനം എന്നിട്ടും എങ്ങിനെ ആ ബസ് ഓടാന്‍തക്ക 'ഫിറ്റായി'' അധികാരികള്‍ക്ക് തോന്നി എന്നത് അന്വേഷണ വിധേയമാക്കണം. 

  എല്ലാറ്റിന്റെയും കാരണക്കാര്‍ സാധാധാരണക്കാര്‍ എന്നപോലെ ഇനിയുള്ള ചില ദിവസങ്ങള്‍ നിരത്തുകളില്‍ ബൈക്കുകളുടെ സ്റ്റിക്കറുകള്‍ നീക്കം ചെയ്തും ഹെല്‍മെറ്റില്‍ അടയാളം തിരഞ്ഞും കുറെ പ്രഹസനങ്ങള്‍ ദൃശ്യമാകും. അപ്പോഴും വലിയ വാഹനങ്ങള്‍ വേഗപ്പൂട്ട് ഊരിവച്ച് യാത്ര തുടരും.

 അപകടത്തിന്റെ പേരില്‍ പരസ്പരം പഴിചാരുമ്പോഴും ന്യായീകരണങ്ങള്‍ നിരത്തുമ്പോഴും ഒരു ചോദ്യം ഉയരുന്നു. ആരാണ് ഈ അപകടത്തിനു ഉത്തരവാദികള്‍? ആര് ഉത്തരവാദിത്വം ഏറ്റെടുത്താലും അടിച്ചേല്‍പ്പിച്ചാലും മക്കള്‍ നഷ്ടപ്പെട്ടവര്‍ക്ക് പരിഹാരമാകുമോ ഏത് ഉത്തരവും?

 നമ്മുടെ ഭരണകര്‍ത്താക്കളും അധികാരികളും അഞ്ച് വര്‍ഷത്തെ ഭരണ കാലയളവിലേക്കല്ല, കുറച്ചുകൂടി മുമ്പോട്ട് നോക്കിക്കാണാന്‍ കഴിവുള്ളവരാകണം.






Post a Comment

0 Comments