ഇന്ന് നമ്മുടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വര്‍ഗ്ഗീയവല്‍ക്കരിക്കപ്പെട്ട സ്വാതന്ത്ര്യമാണ്. അത് ഉയര്‍ത്തുന്ന പുകമറയില്‍ മറ്റുപലരുടെയും അവകാശങ്ങള്‍ വെല്ലുവിളിക്കപ്പെടുന്നു. എല്ലാവരും സ്വാതന്ത്ര്യത്തിന്റെ ശ്വാസം എടുക്കുന്നുണ്ടോ എന്നു പരിശോധിയ്ക്കുകയാണ് ഒരു ഭരണകര്‍ത്താവിന്റെ ദൗത്യം.
ബന്ധനത്തില്‍ നിന്നു മുക്തമാകുന്ന അനുഭവം മാത്രമല്ല സ്വതന്ത്ര്യം. അതു നല്‍കുന്നത് സമത്വം എന്ന അവകാശം കൂടിയാണ്. ഒരു രാജ്യത്ത് എല്ലാവരും അടിമത്വത്തില്‍ നിന്നും രക്ഷപെട്ടാലും അവിടെ പ്രജകള്‍ എല്ലാം സമത്വം അനുഭവിക്കുന്നില്ലെങ്കില്‍ അത് ഊരു വിലക്കിനു തുല്യമാണ്. ഇപ്പോള്‍ സമൂഹം നേരിടുന്ന വിഷയം അമിത സ്വാതന്ത്ര്യമാണ്. എന്തിനും ഏതിനുമുള്ള സ്വാതന്ത്ര്യം. അതാണ് ഇന്ന് രാജ്യത്തിനകത്ത് സാമൂഹിക വ്യവസ്ഥിതികള്‍ നേരിടുന്ന പ്രധാന പ്രശ്നം. സമത്വം എന്ന അവകാശത്തെ സ്വാതന്ത്ര്യം എന്ന പദം കൊണ്ട് മൂടിയിരിക്കുന്നു.
യാത്രാ സ്വാതന്ത്ര്യം, ആരാധനാ സ്വാതന്ത്ര്യം, ഇഷ്ടഭക്ഷണം കഴിക്കുവാനുള്ള സ്വാതന്ത്ര്യം, ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കുവാനുള്ള സ്വാതന്ത്ര്യം, തുടങ്ങി പലതും അടിച്ചേല്‍പ്പിക്കപ്പെടുന്നത് പൗരന്റെ സമത്വം എന്ന അവകാശത്തിന്റെ മേലുള്ള കടന്നു കയറ്റമാണ്.
ഇന്ന് നമ്മുടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വര്‍ഗ്ഗീയവല്‍ക്കരിക്കപ്പെട്ട സ്വാതന്ത്ര്യമാണ്. അത് ഉയര്‍ത്തുന്ന പുകമറയില്‍ മറ്റുപലരുടെയും അവകാശങ്ങള്‍ വെല്ലുവിളിക്കപ്പെടുന്നു. എല്ലാവരും സ്വാതന്ത്ര്യത്തിന്റെ ശ്വാസം എടുക്കുന്നുണ്ടോ എന്നു പരിശോധിയ്ക്കുകയാണ് ഒരു ഭരണകര്‍ത്താവിന്റെ ദൗത്യം. ഇവിടെ പരാജയം സംഭവിക്കുമ്പോള്‍ സമൂഹത്തിലെ ശക്തന്മാരുട താല്പര്യങ്ങള് മാത്രം സംരക്ഷിക്കപ്പെടുവാന്‍ ഒരു ഭരണാധികാരി നിര്‍ബന്ധിതനാകും. അത് സംഭവിച്ചു കൂടാ. അടിച്ചമര്‍ത്തലുകളും അവകാശ ലംഘനങ്ങളുമാണ് അതിന്റെ തിക്തഫലം. നീതിയും ന്യായവും നടപ്പാക്കി ബലഹീനരെ സംരക്ഷിക്കുവാനാണ് നിയങ്ങള്‍ എഴുതപ്പെട്ടിട്ടുള്ളത്. 'നിയമം എട്ടുകാലി വലപോലെയാണ്. ശക്തന്മാര് അത് പൊട്ടിച്ച് രക്ഷപെടും ബലഹീനര്‍ അതില്‍ കുടുങ്ങും'എന്ന വാക്കുകള്‍ ഇന്ന് സമൂഹത്തില്‍ ശക്തമാകുന്നു.
ഇന്നത്തെ സമൂഹം സങ്കുചിത ചിന്തകളുടെയും ജാതി-മത, വര്‍ണ്ണ, വര്‍ഗ്ഗ മാനദണ്ഡങ്ങളാല്‍ വിഭജിക്കപ്പെട്ടതാണ്. അത് നിലനിര്‍ത്തുവാന്‍ കൊടികളുടെ തണല്‍ യഥേഷ്ടം ലഭ്യമാണ്. എന്താണ് ഭരണം ? ആരാണ് ഭരിക്കപ്പെടേണ്ടത്? അശക്തര്‍ ഒരു നിയമത്തിന്റെ മുമ്പില്‍ തലകുനിക്കുമ്പോള്‍ അതേ നിയമത്തിനു മുമ്പില്‍ അവജ്ഞയോടെ തലയുയര്‍ത്തുന്ന ബലവാന്മാരല്ലേ ഭരിക്കപ്പെടേണ്ടത്? ഇന്ന് ഭരിക്കപ്പെടുന്നത് അശക്തരാണ്. കാരണം നിയമങ്ങളും വിധികളും കുറ്റവും ശിക്ഷയുമെല്ലാം ഏറ്റു വാങ്ങപ്പെടുന്നത് അശക്തരാണ്.
ഇത് തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുവാന്‍ കഴിയുന്നില്ലെങ്കില്‍ ' ഭരണം' എന്ന വാക്ക് മാറ്റിയെഴുതണം. അത് 'ജന സേവനം' എന്നാക്കിമാറ്റണം. ഭൂമിയുടെ ഉടമസ്ഥാവകാശം ആര്‍ക്കുമില്ല. മനുഷ്യരടക്കമുള്ള എല്ലാ ജീവജാലങ്ങള്‍ക്കും അല്പസമയം വിശ്രമിച്ചു കടന്നു പോകുവാനുള്ള ഒരു ഇടം മാത്രമാണ്. അതിന്റെ അവകാശം തുല്യമാണെന്നര്ത്ഥം. ഇവിടെ ഒരുവന് മറ്റൊരുവന്റെ ജീവനെടുക്കുകയും ഒരു സമൂഹം മറ്റൊരു സമൂഹത്തോട് കല്പിക്കുകയും ചെയ്യുന്നതിന്റെ യുക്തി എന്തെന്ന് ഓരോരുത്തരും ചിന്തിക്കേണം.
എന്റെ രാജ്യം സ്വതന്ത്രമാണ് എന്ന് ഒരു പൗരന് പറയണമെങ്കില്‍ അവന്റെ ജീവനും സ്വത്തിനും അവകാശങ്ങള്‍ക്കും പൂര്‍ണ്ണ സംരക്ഷണവും ഭയരഹിതമായ ജീവിതവും ലഭിച്ചിരിക്കണം.
അക്ഷരത്തിലും ചരിത്രങ്ങളിലുമല്ല സ്വാതന്ത്ര്യം എഴുതപ്പെടേണ്ടത് ഓരോ മനുഷ്യന്റെയും ജീവിതത്തിലാണ്. ആ സ്വാതന്ത്ര്യം നിലനിര്‍ത്തുന്നതിനാണ് ഭരണ സംവിധാനങ്ങള്‍ നിലനില്‍ക്കുന്നത്.
അക്ഷരത്തിലും ചരിത്രങ്ങളിലുമല്ല സ്വാതന്ത്ര്യം എഴുതപ്പെടേണ്ടത് ഓരോ മനുഷ്യന്റെയും ജീവിതത്തിലാണ്. ആ സ്വാതന്ത്ര്യം നിലനിര്‍ത്തുന്നതിനാണ് ഭരണ സംവിധാനങ്ങള്‍ നിലനില്‍ക്കുന്നത്. അതിന്റെ പരാജയം, പാര്‍ശ്വവല്‍ക്കരണം, നിഷ്ക്രിയത്വം എന്നിവ രാജ്യത്തിന്റെ ഐശ്വര്യത്തെയും അഖണ്ഡതയെയും തകര്‍ക്കും. അതിന്റെ ചില പതിപ്പുകളാണ് ഇന്ന് നടക്കുന്ന ചില അവകാശധ്വംസനങ്ങള്‍ എന്നു പറയേണ്ടിവരുന്നു.
ബലഹീനര്‍ എന്നും ബലഹീനരായി തുടരുന്നുവെങ്കില്‍ അതും ഭരണ പരാജയമാണ്. വിദ്യാഭ്യാസത്തിലൂടെ അജ്ഞത നീക്കി മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തി സാമ്പത്തിക, ആത്മീക സാംസ്കാരിക മേഖലയില്‍ ഒരു സമത്വം സൃഷ്ടിച്ചെടുക്കുവാന്‍ കഴിയണം. എങ്കില്‍ മാത്രമേ വിജയം അവകാശപ്പെടുവാന്‍ ഒരു ഭരണാധികാരിക്ക് സാധിക്കൂ.
മറ്റ് രംഗങ്ങളില്‍ എന്നപോലെ ആത്മീയ മേഖലകളിലും ഈ വെല്ലുവിളി ശക്തമാണ്. യിസ്രായേല്‍ ജനം മോശയുടെ നേതൃത്വത്തില്‍ മിശ്രയിമില്‍ നിന്നും പുറപ്പെട്ടു. വഴിയില്‍ പലയിടങ്ങളിലും അവര്‍ പലതും കീഴടക്കി. യോശുവയുടെ കാലത്തും ഹായിപട്ടണമടക്കം പലരുടെയും അവകാശങ്ങള്‍ പിടിച്ചെടുത്ത ചരിത്രം വേദപുസ്തകം പറയുന്നുണ്ട്. ഇതൊക്കെ അക്രമത്തിന്റെയും അവകാശ ലംഘനങ്ങളുടെയും പട്ടികയിലായതുകൊണ്ട് ഈ കാലഘട്ടത്തിലും പലരാലും ശക്തമായി വിമര്‍ശിക്കപ്പെടുന്നുണ്ട്. അന്നത്തെ അവരുടെ നിലനില്‍പ്പിന് അത് അനിവാര്യമായിരുന്നു എന്ന് അവകാശപ്പെടുന്നവരുമുണ്ട്.
എന്നാല്‍ ചരിത്രത്തെ രണ്ടായി വിഭാഗിച്ചുകൊണ്ട് ഭൂമിയില്‍ അവതരിച്ച യേശുക്രിസ്തു പുരാതന നയങ്ങളെല്ലൊം തിരുത്തിയെഴുതി. സ്വാതന്ത്ര്യം മാത്രമല്ല സമത്വവും കൂടി അവകാശമാണെന്ന് അദ്ദേഹം വാദിക്കുകയും പ്രവര്‍ത്തനങ്ങളില്‍ക്കൂടി തെളിയിക്കുകയും ചെയ്തു. തന്റെ ഗിരിപ്രഭാഷണത്തിലുടനീളം പ്രസ്താപിക്കപ്പെട്ട കാര്യങ്ങള്‍ ഏതൊരു രാജ്യത്തിനും ആത്മീയ പ്രസ്ഥാനങ്ങള്‍ക്കുമുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ്. ' 'നിന്റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെപോലെ ഭൂമിയിലുമാകേണമേ', ഒരുത്തന് നിന്നെ ഒരു നാഴിക വഴി പോകുവാന്‍ നിര്‍ബന്ധിച്ചാല്‍ അവനോടു കൂടെ പോകുക' തുടങ്ങിയ വാക്കുകളില്‍ പ്രതിഫലിക്കുന്നതാണ് സമത്വം.
സമത്വം നഷ്ടപ്പെടുന്നിടത്ത് സ്വാതന്ത്ര്യം അവകാശപ്പെടുവാന്‍ കഴിയില്ല. സ്വാതന്ത്ര്യം ഉള്ളതുകൊണ്ട് സമത്വം ഉണ്ടാവണമെന്നുമില്ല. എന്നാല്‍ സമത്വം ഉണ്ടെങ്കില്‍ സ്വാതന്ത്ര്യം നിശ്ചയമായും ഉണ്ടാകും.
സ്വാതന്ത്ര്യത്തെ നിര്‍വ്വചിച്ചാല്‍ അത് വ്യക്തിപരമാണെന്ന് വേഗത്തില്‍ മനസിലാകും. എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം, എന്തും പറയാനുള്ള സ്വാതന്ത്ര്യം സ്വന്തം ആശയങ്ങള്‍ ഏതു വഴിയിലൂടെയും സ്ഥാപിച്ചെടുക്കുവാനുള്ള സ്വാതന്ത്ര്യം. ഇവിടെയാണ് സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യപ്പെടുന്നത്.
സമത്വത്തിനു വില കല്പ്പിക്കുപ്പോള് സ്നേഹവും സഹിഷ്ണതയും സഹനവും പ്രകടമാകുന്നു. അവിടെയാണ് സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം പ്രകടമാകുന്നത്. അപ്പോള്‍ ശത്രുതയില്ലാതാകും, മറ്റുള്ളവരെ അംഗീകരിക്കാനും സ്നേഹിക്കുവാനും കഴിയും.
ക്രൈസ്തവ സഭകള്‍ക്കുള്ളിലും ആരാധനാ സ്വാതന്ത്ര്യമുണ്ട് പക്ഷെ, സമത്വം ഇല്ല എന്നുള്ളത് സമ്മതിച്ചേപറ്റൂ. ' വിശ്വസിച്ചവര്‍ എല്ലാവരും ഒരുമിച്ചിരുന്നു സകലവും പൊതുവക എന്ന് എണ്ണുകയും ജന്മഭൂമിയും വസ്തുക്കളും വിറ്റ് അവനവനു ആവശ്യമുള്ളതുപോലെ എല്ലാവര്ക്കും പങ്കിടുകയും...' തുടങ്ങി അപ്പൊസ്തല പ്രവര്‍ത്തികളില്‍ വായിക്കുന്ന സാക്ഷ്യംസഭയ്ക്കു നഷ്ടമായിരിക്കുന്നു.
ചുങ്കക്കാരും പാപികളും കുഷ്ഠ രോഗികളും എല്ലാവരും സമൂഹത്തിന്റെ ഭാഗമാണെന്നും അവര്‍ക്ക് അവഗണനയല്ല അര്‍ഹമായ പരിഗണനയും രൂപാന്തരവുമാണ് ആവശ്യമെന്ന് യേശുക്രിസ്തു പഠിപ്പിച്ചു.
സമാധാനവും സന്തോഷവും ഭയരഹിതമായ ജീവിതവുമാണ്, ജാതിയ്ക്കും മതത്തിനും രാഷ്ട്രീയത്തിനപ്പുറം ജനങ്ങൾ ആഗ്രഹിയ്ക്കുന്നത്. മറ്റൊരുവിതത്തിൽ പറഞ്ഞാൽ മതവും ജാതിയും രാഷ്ട്രിയവുമെല്ലാം നിലനിൽക്കേണ്ടത് മനുഷ്യന്റെ നന്മയ്ക്കായിട്ടായിരിക്കണം.
എല്ലാ മാന്യ വായനക്കാർക്കും സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു.
------------------------------------------------------------



0 Comments