BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

നഷ്ടപ്പെടുത്തിയ ഭാഗ്യം (ഇന്നത്തെ ചിന്ത, മറക്കാതെ വായിക്കുക)

 


കുറച്ചു നാള്‍ മുമ്പ് ഞാന്‍ ജോലി ചെയ്യുന്ന സ്ഥലത്തേയ്ക്ക് ദിവസവും ബൈക്കില്‍ യാത്രചെയ്യുമായിരുന്നു. വഴിയരുകില്‍ ഒരു വൃദ്ധന്‍ റബര്‍ തോട്ടത്തിന്റെ തണലുള്ള ഭാഗത്ത് റോഡരുകില്‍  ലോട്ടറിവില്‍ക്കാന്‍ സ്ഥിരമായി നില്‍ക്കാറുണ്ട്. അതുവഴികടന്നു പോകുന്ന യാത്രക്കാരെ പ്രത്യേകിച്ചു ചെറുവാഹനങ്ങളില്‍ യാത്രചെയ്യുന്നവരെ ലോട്ടറി ഉയര്‍ത്തിക്കാണിയ്ക്കും. 

സ്ഥിരമായി ഞാന്‍ അതുവഴി കൃത്യസമയത്ത് യാത്ര ചെയ്തിരുന്നതുകൊണ്ട് ചിലസമയങ്ങളില്‍ ഹെല്‍മറ്റിന്റെ ഗ്ലാസ് ഉയര്‍ത്തിവച്ച് ഞങ്ങള്‍ പരസ്പരം പുഞ്ചിരിക്കും. ലോട്ടറി എടുക്കുന്ന പതിവ് ഇല്ലാത്തതുകൊണ്ട് ആ ബന്ധം ചിരിയിലൊതുക്കി. 

ലോട്ടറി എടുക്കുന്നത് തെറ്റ് ആയിട്ടല്ല, രണ്ടുതവണ വലിയ സാമ്പത്തിക ബുദ്ധിമുട്ട് വന്ന സമയത്ത് എടുത്തുവെങ്കിലും നിരാശ ആയിരുന്നു ഫലം. അതൊക്കെ ഒരു ഭാഗ്യല്ലേ എന്ന് സുഹൃത്ത് പറഞ്ഞത് ശരിയെന്ന് ഓര്‍ത്തു. 

  ചില ദിവസങ്ങള്‍ക്ക് ശേഷം ഒരു ഫോണ്‍ വന്നതിനെ തുടര്‍ന്ന് ആ തണലില്‍ ഞാന്‍ ബൈക്ക് ഒതുക്കി നിര്‍ത്തി. ഞാന്‍ ഹെല്‍മറ്റ് തലയില്‍ നിന്നും മാറ്റി. ഫോണ്‍ പോക്കറ്റില്‍ നിന്നും എടുത്തു. സംസാരിച്ചുകൊണ്ടിരുന്ന സമയം, ആ വൃദ്ധന്‍ എന്റെ അരികില്‍ വന്നു. 

ALSO READ:ഭൂമിയുടെ അഥവാ സൃഷ്ടിയുടെ വീണ്ടും ജനനം                           https://www.snehavachanam.com/2024/07/article.html 

  എന്നും ഈ സമയത്ത ഇതുവഴിയുണ്ട് അല്ലേ? അതെ, ഞാന്‍ ചിരിച്ചു. വൈകിട്ട് എട്ട് മണിയക്ക് ശേഷം തിരികെ പോകും. 

ലോട്ടറി എന്റെ നേരെ നീട്ടി... ഞാന്‍ ചിരിച്ചുകൊണ്ട് നിരസിച്ചു... ഇന്നു വേണ്ട നാളെയെടുക്കാം. അദ്ദേഹത്തിന് സന്തോഷമായി.  ഞാന്‍ ബൈക്ക് റോഡിലേക്ക് കയറ്റി.. സൈഡ് മിററിലൂടെ നോക്കി,, ഞാന്‍ നോക്കുന്നതുകണ്ട് അയാള്‍ ചിരിച്ചുകൊണ്ട് വലതുകയ്യില്‍ ലോട്ടറി ഇരുന്നതുകൊണ്ട് ഇടതു കൈ ഉയര്‍ത്തി വീശി.. ഞാനും തിരിഞ്ഞുനോക്കാതെ കൈവീശി. 

 അല്പം മുമ്പോട്ട് പോയ ഞാന്‍ പെട്ടന്ന് ബൈക്ക് നിര്‍ത്തി ഒരു ലോട്ടറിഎടുക്കാന്‍ മനസ് വല്ലാതെ പ്രേരിപ്പിച്ചു. നാളെ എടുക്കാം... വീണ്ടും യാത്ര തുടര്‍ന്നു. 

രാത്രിയില്‍ അതുവഴി തിരികെ കടന്നുപോയപ്പോള്‍ മനസ് മന്ത്രിച്ചു ഒരു ലോട്ടറി എടുക്കേണ്ടതായിരുന്നു.. മഴചെറുതായി പെയ്യാന്‍ തുടങ്ങി.

 അടുത്ത ദിവസം ഞാന്‍ അവിടെയെത്തി. വൃദ്ധനെ കണ്ടില്ല. കുറച്ചുനേരം കാത്തുനിന്നുവെങ്കിലും ഫലമുണ്ടായില്ല. ഓഫീസിലേക്ക്  യാത്ര തുടര്‍ന്നു. 

  കോരിച്ചൊരിയുന്ന മഴയത്ത് മഴക്കോട്ട് ധരിച്ച് വൈകുന്നേരം ഓഫീസില്‍ നിന്നിറങ്ങി. ശക്തമായ മഴയില്‍ വഴികാണാന്‍ നന്നേ ബുദ്ധിമുട്ടി. ഹെല്‍മറ്റിന്റെ ഗ്ലാസ് അല്പം ഉയര്‍ത്തിവച്ച് യത്ര തുടര്‍ന്നു. യാത്രയ്ക്കിടെ ലോട്ടറിക്കാരന്റെ കാര്യം ഓര്‍മ്മ വന്നു. അടുത്ത നാലുംകൂടിയ കവലയില്‍ ബൈക്ക് വളവ് തിരിഞ്ഞുവരവെ അവിടെ പോസ്റ്റില്‍ ചാരിവച്ചിരിയ്ക്കുന്ന ആദരാജ്ഞലികള്‍ എന്നെഴുതിയ ഫ്‌ളെക്‌സ് ബോര്‍ഡില്‍ കണ്ണുടക്കി. മുമ്പോട്ട് പോയ ബൈക്ക് തിരിച്ച് വീണ്ടു ഞാന്‍ നോക്കി... അതെ അയാള്‍ തന്നെ... ആ ലോട്ടറി വില്‌നക്കാരന്‍...  നനഞ്ഞൊലിച്ച മഴക്കോട്ടുമായി അടുത്തുകണ്ട ബേക്കറിയുടെ തിണ്ണയില്‍ നിന്ന് ഞാന്‍ ചോദിച്ചു. 

 അതെ അയാള്‍ തന്നെ,, ഇന്നലെ രാത്രിയില്‍ ...അറ്റാക്ക് ആയിരുന്നു...

  ബൈക്കിന്റെ സ്പീഡ് കുഞ്ഞു. കനത്ത മഴയിലും വിയര്‍ത്തു.. ബാഗില്‍ സൂക്ഷിരുന്ന കുപ്പിയില്‍ നിന്നും വെള്ളം കുടിച്ചു. ഒരു ഭാഗ്യക്കുറിയല്ല ഞാന്‍ നഷ്ടപ്പെടുത്തിയത്.. ഒരു മനുഷ്യന്റെ പ്രതീക്ഷയെ...

സമയം ആര്‍ക്കുമുമ്പിലും കുമ്പിട്ട് നില്‍ക്കാറില്ല. ''നിന്റെ കയ്യില്‍ ഉള്ളപ്പോള്‍ കൂട്ടുകാരനോട് പോയിവരികഎന്ന് പറയരുത്'' എന്ന ബൈബിള്‍ വാക്യം മനസില്‍ ഓര്‍മ്മവന്നു. 

 നമുക്ക് ഒരു മനുഷ്യന് നന്മചെയ്യാന്‍ തോന്നുമ്പോള്‍ പിന്നത്തേക്ക് മാറ്റിവയ്ക്കരുത്, ആ വ്യക്തിയുടെ ഏറ്റവും ആവശ്യമായ സമയത്താണ് പരിചയം ഇല്ലെങ്കിലും പ്രഞ്ചം അവരെ നമ്മടെ മുമ്പില്‍ കൊണ്ട് എത്തിയക്കുന്നത്.

 സ്‌നേഹിയ്ക്കാനും ക്ഷമചോദിയ്ക്കാനും സഹായിക്കാനും സഹ ജീവിയെ കരുതാനും പിന്നെയാകട്ടെ എന്നിചിന്തിയക്കരുത്. 

 സമയവും ജീവനും ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കുന്നില്ല. 

ഒരു നല്ല ദിവസം ആശംസിയ്ക്കുന്നു.





  




Post a Comment

0 Comments